
Perinthalmanna Radio
Date: 13-04-2025
പെരിന്തൽമണ്ണ: ജലജീവൻ മിഷൻ പദ്ധതിയിൽ വെട്ടിപ്പൊളിച്ച റോഡുകൾ നാടാകെ കെണിയൊരുക്കുന്നു. ജലജീവൻ മിഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ട് 4 വർഷം പിന്നിട്ടു. എന്നാലിപ്പോഴും വെട്ടിപ്പൊളിച്ച റോഡുകൾ അപകടക്കെണിയൊരുക്കി കുണ്ടും കിടങ്ങുമായി കിടക്കുകയാണ്. പല മേഖലകളിൽ നിന്നും ഇതു സംബന്ധിച്ച് വലിയ തോതിൽ പ്രതിഷേധം ഉയർന്നിട്ടും കാര്യക്ഷമമായ നടപടികൾ ബന്ധപ്പെട്ട അധികൃതരിൽ നിന്ന് ഉണ്ടാകുന്നില്ല. മേലാറ്റൂർ, ആലിപ്പറമ്പ് പഞ്ചായത്തുകളിൽ വെട്ടിപ്പൊളിച്ച ഒരു റോഡു പോലും പൂർവ സ്ഥിതിയിലാക്കിയിട്ടില്ല. താഴേക്കോട് പഞ്ചായത്തിൽ ഭാഗികമായി പ്രവൃത്തി നടന്നു. വെട്ടത്തൂർ, ഏലംകുളം പഞ്ചായത്തുകളിൽ മാത്രം പ്രവൃത്തി ഏറെക്കുറേ പൂർത്തിയായിട്ടുണ്ട്. ചില റോഡുകൾ മാത്രമാണ് അവശേഷിക്കുന്നത്. കഴിഞ്ഞ 5 ന് ചേർന്ന താലൂക്ക് വികസന സമിതിയിൽ ഇക്കാര്യം ഗൗരവമായി ചർച്ച ചെയ്‌തിരുന്നു. ഇതിന്റെ തുടർച്ചയായി 9 ന് പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.മുസ്‌തഫയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റുമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗം ചേർന്ന് വിഷയം ചർച്ച ചെയ്‌തിരുന്നു. മേലാറ്റൂർ, വെട്ടത്തൂർ, ആലിപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റുമാരും വിവിധ പഞ്ചായത്തുകളിലെ സെക്രട്ടറി, ഓവർസീയർ, എൻജിനീയർ തുടങ്ങിയ ഉദ്യോഗസ്ഥരും ജലജീവൻ മിഷന്റെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പ്രശ്‌ന പരിഹാരത്തിന് കലക്‌ടറുടെ അധ്യക്ഷതയിൽ യോഗം ചേരണമെന്ന് ആവശ്യപ്പെട്ട് തഹസിൽദാർ, കലക്‌ടർക്ക് കത്ത് നൽകിയിട്ടുണ്ട്. എംഎൽഎ, ജലജീവൻ മിഷന്റെയും പൊതുമരാമത്ത് വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥർ, ജലജീവൻ മിഷൻ കോൺട്രാക്‌ടർമാർ, ബ്ലോക്ക്–ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, പഞ്ചായത്ത് സെക്രട്ടറിമാർ എന്നിവരെ പങ്കെടുപ്പിച്ച് ഉന്നതതല യോഗം വിളിക്കണമെന്നാണ് ആവശ്യം. ഉപതിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രഖ്യാപിക്കുന്നതിന് മുൻപായി യോഗം ചേരണമെന്നും തഹസിൽദാർ എ.വേണുഗോപാൽ കലക്‌ടർക്ക് നൽകിയ കത്തിൽ അഭ്യർഥിച്ചിട്ടുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
