കിണറ്റിൽ തോട്ട പൊട്ടി മരണം; രണ്ടു പേർ അറസ്റ്റിൽ

Share to



Perinthalmanna Radio
Date: 13-05-2024

പെരിന്തൽമണ്ണ: ആഴം കൂട്ടാൻ കിണറ്റിൽ പാറപൊട്ടിക്കുന്നതിനിടെ സ്‌ഫോ‌ടകവസ്‌തു പൊട്ടിത്തെറിച്ച് തമിഴ്‌നാട് സ്വദേശി മരിച്ച  സംഭവത്തിൽ രണ്ടുപേരെ പെരിന്തൽമണ്ണ പൊലീസ് അറസ്‌റ്റ് ചെയ്‌തു. തമിഴ്‌നാട് സ്വദേശികളായ തഞ്ചാവൂർ മാവട്ടം മുട്ടിപ്പേട്ട ബാലൻ (34), ധർമപുരി മാവട്ടം രാംദാസ് ദണ്ഡ് ചന്ദ്രൻ (54) എന്നിവരെയാണ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ എഎസ്‌പി പി.ബി.കിരണിന്റെ നേതൃത്വത്തിൽ അറസ്‌റ്റ് ചെയ്‌തത്. 

സ്‌ഫോ‌ടക വസ്‌തു നിയമം, മനഃപൂർവമല്ലാത്ത നരഹത്യ എന്നീ വകുപ്പുകൾ പ്രകാരമാണ് അറസ്‌റ്റ്. പൊട്ടിത്തെറിയിൽ സേലം പൂളംപട്ടി കോണേരിപ്പട്ടി മെയിൻ സ്‌ട്രീറ്റിൽ അപ്പുസാമിയുടെ മകൻ രാജേന്ദ്രൻ(49) ആണ് ശനിയാഴ്‌ച മരിച്ചത്. 

ഉച്ചയ്‌ക്ക് 12.45 ഓടെ പെരിന്തൽമണ്ണ ജൂബിലി റോഡ് തേക്കിൻകോട് തോട്ടോളി നൗഫലിന്റെ കിണറ്റിലായിരുന്നു അപകടം. കംപ്രസർ ഉപയോഗിച്ച് പാറയിൽ കുഴികളുണ്ടാക്കി അതിൽ നിറച്ച സ്‌ഫോടക വസ്‌തുവിന് തിരി കൊളുത്തി കയറുവഴി കിണറിനു പുറത്തേക്ക് കയറിപ്പോരാനുള്ള ശ്രമത്തിനിടെ രാജേന്ദ്രൻ താഴേക്ക് വീഴുകയായിരുന്നു. 

രാജേന്ദ്രന്റെ ഒരു കാൽപാദം ബോംബ് സ്ക്വാഡ് തെളിവുകൾ ശേഖരിക്കുന്നതിനിടെയാണ് പിന്നീട് കിണറ്റിൽ നിന്ന് കണ്ടെത്തിയത്.
 രാജേന്ദ്രന്റെ കൂടെ ഉണ്ടായിരുന്ന സംഘത്തിലുള്ളവരാണ് അറസ്‌റ്റിലായ രണ്ടു പേരും. ബാലൻ കംപ്രസർ ഡ്രൈവറും ചന്ദ്രൻ തൊഴിലാളിയുമാണ്. ലൈസൻസോ മറ്റ് അനുമതി പത്രമോ ഇല്ലാതെ സ്‌ഫോടക വസ്‌തുക്കൾ കൈവശംവച്ചതിനും തനിക്കും മറ്റുള്ളവർക്കും ജീവന് അപായം ഉണ്ടാകും എന്നറിഞ്ഞുകൊണ്ട് ഉപയോഗിച്ചതിനുമാണ് കേസ്.

രാജേന്ദ്രന്റെ മൃതദേഹം ഇൻക്വസ്‌റ്റിനു ശേഷം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്‌റ്റ്‌മോർട്ടം നടത്തി. തലയ്‌ക്കും വയറിനും കാലുകൾക്കും ഗുരുതരമായി പരുക്കേറ്റതായാണ് പോസ്‌റ്റ്മോർട്ടത്തിലെ കണ്ടെത്തൽ. മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *