
Perinthalmanna Radio
Date: 13-05-2025
പെരിന്തൽമണ്ണ : ജില്ലാ ആശുപത്രിയിലെ നവീകരിച്ച ഓപ്പറേഷൻ തിയറ്റർ കോംപ്ലക്സ് ഇ.ടി.മുഹമ്മദ് ബഷീർ എംപി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നവീകരിച്ച ഗൈനക്കോളജി, ജനറൽ സർജറി, ഇഎൻടി, ഓർത്തോപീഡിക് എന്നിവയ്ക്കായുള്ള ഓപ്പറേഷൻ തിയേറ്ററുകളും ആധുനിക സൗകര്യങ്ങളോടെ നേത്രശസ്ത്രക്രിയയ്ക്കുള്ള പുതിയ തിയറ്ററും നവീകരിച്ച ഓട്ടോക്ലേവ് സംവിധാനവും പ്രീ–മെഡിക്കേഷൻ, റിക്കവറി റൂമുകളും ഉൾക്കൊള്ളുന്നതാണ് തിയറ്റർ കോംപ്ലക്സ്.
നേത്രശസ്ത്രക്രിയാ തിയറ്ററിന് എംപി ഫണ്ടിൽനിന്നാണ് 12 ലക്ഷം രൂപ അനുവദിച്ചത്. ബ്ലഡ് ബാങ്ക് ഫണ്ടിൽനിന്നുള്ള 40 ലക്ഷം രൂപയും ജില്ലാ പഞ്ചായത്തിന്റെ 30 ലക്ഷം രൂപയും ഉൾപ്പെടെ 70 ലക്ഷം രൂപ ചെലവിലാണ് തിയറ്ററുകൾ നവീകരിച്ചത്. മുൻപ് പഴയ ബ്ലോക്കിൽ 2 തിയറ്ററുകൾ മാത്രമാണ് ഉണ്ടായിരുന്നത്. കണ്ണിനും മുട്ടുമാറ്റൽ ശസ്ത്രക്രിയയ്ക്കുമുള്ള പ്രത്യേക തിയറ്ററുകൾ ഉൾപ്പെടെ ഇതു നാലായി മാറിയതോടെ ശസ്ത്രക്രിയ ആവശ്യമുള്ള രോഗികൾക്ക് ആശ്വാസമാകും.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ ആധ്യക്ഷ്യം വഹിച്ചു. നജീബ് കാന്തപുരം എംഎൽഎ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, സ്ഥിരസമിതി അധ്യക്ഷ നസീബ അസീസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ റഹ്മത്തുന്നീസ, ടി.പി.ഹാരിസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്.ബിജു, പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.മുസ്തഫ, ഡോ. വി.യു.സീതി, ചമയം ബാപ്പു, എച്ച്എംസി അംഗങ്ങളായ എ.കെ.നാസർ, കുറ്റീരി മാനുപ്പ, ഹംസ പാലൂർ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. എൽ.ഷീനലാൽ, ആർഎംഒ ഡോ. ദീപക് കെ.വ്യാസ്, ഡോ. എ.കെ.റൗഫ് തുടങ്ങിയവർ പ്രസംഗിച്ചു.
തിയറ്ററുകൾ അണുവിമുക്തമാക്കി മറ്റു സുരക്ഷാ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൂന്നാഴ്ചയ്ക്കകം പ്രവർത്തന സജ്ജമാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ