
Perinthalmanna Radio
Date: 12-08-2024
അങ്ങാടിപ്പുറം : ദുരന്തഭൂമിയിലെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ഇടയില്‍ പരുക്കേറ്റ കയ്യുമായി പന്ത്രണ്ടാം ദിവസവും ഷബീര്‍ മാഞ്ഞാമ്പ്ര.
വയനാട്ടിലെ ദുരന്ത ഭൂമിയില്‍ ഊണും ഉറക്കവുമില്ലാതെ വിശ്രമം അറിയാതെ കര്‍മ്മനിരതരായ വളണ്ടിയര്‍മാര്‍ക്ക് നേതൃത്വം നല്‍കുന്ന വൈറ്റ് ഗാഡ് ക്യാപ്‌റ്റന്‍ ഷബീര്‍ മാഞ്ഞമ്പ്രക്ക് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടയാണ് കയ്യിന് പരുക്കേറ്റത്. പരുക്കുകള്‍ ഒന്നും വകവെക്കാതെ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിനും കണ്ടെത്തിയ മൃതദേഹങ്ങള്‍ ശുചീകരിച്ച് സംസ്‌കരിക്കുന്ന പ്രവര്‍ത്തികള്‍ വരെയുള്ള കാര്യങ്ങള്‍ ചെയ്യാനുള്ള ടീമുകള്‍ക്ക് നേതൃത്വം നല്‍കുന്നു. കോവിഡ് ഉള്‍പ്പെടെയുള്ള മഹാമാരികളിള്‍പ്പെട്ടും പ്രളയവും പ്രകൃതി ദുരന്തങ്ങള്‍ക്ക് ഇരയായിയും മരണപ്പെടുന്ന ഉറ്റവര്‍ക്ക് വേണ്ടി ബന്ധുക്കള്‍ ചെയേണ്ട പരിപാലനങ്ങള്‍ക്ക് ബോധവല്‍ക്കരണവും പരിശീലനവും നല്‍കി ഷബീര്‍ മുമ്പേ ശ്രദ്ധേയനായിരുന്നു.
മഹാമാരിക്ക് ഇരയായി വിടപറയുന്നവരെ ആശുപത്രിയില്‍ നിന്ന് ഔദ്യോഗിക നടപടികള്‍ പൂര്‍ത്തീകരിച്ച് മറവു ചെയ്യുന്നതടക്കമുള്ള പരിപാലനങ്ങള്‍ ഏറ്റെടുത്ത് സമൂഹ മനസാക്ഷിയില്‍ ഇടം നേടിയ ഷബീര്‍ കഴിഞ്ഞ പന്ത്രണ്ട് ദിവസമായി ദുരന്ത ഭൂമിയിലാണുള്ളത്. ഇരുന്നൂറിലധികം കോവിഡ് മരണാന്തര പരിപാലനങ്ങള്‍ക്കും മറവുചെയ്യുന്നതിനും ഷബീര്‍ നേരിട്ട് നേതൃത്വം നല്‍കിയിട്ടുണ്ട്. കോവിഡിന്റെ ആദ്യ തരംഗത്തിലെ ഭീതിജനകമായ അന്തരീക്ഷത്തില്‍ മൃതദേഹം ഒറ്റക്ക് മറവ് ചെയ്‌ത അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. 2018ലെ പ്രളയാനന്തര രക്ഷാ പ്രവര്‍ത്തനം, 2019ലെ നിലമ്പൂര്‍ കവളപ്പാറ ദുരന്തഭൂമിയിലെ മൃതദേഹം മാന്തിയെടുക്കല്‍, 2020ലെ പൗരത്വ സമരം, തെരുവ് സൗഹൃദങ്ങള്‍ക്ക് ഭക്ഷണ വിതരണം, രക്‌തദാനസേന എന്നിവയിലൂടെയാണ് ഷബീറിലെ ഒറ്റയാള്‍ പോരാട്ടം യുവത തിരിച്ചറിയുന്നത്. വിവിധ അവകാശ സമരങ്ങളില്‍ പങ്കെടുത്ത് ജയില്‍ വാസവും അനുഭവിച്ചിട്ടുണ്ട്. കായിക താരവും സംസ്‌ഥാന വടംവലി ദുബൈ ചാമ്പ്യന്‍ഷിപ്പ് ജേതാവുമായ ഷബീര്‍ മലപ്പുറം ജില്ലയിലെ അറിയപ്പെടുന്ന ബോഡി ബില്‍ഡര്‍ ട്രെയ്‌നറാണ്. വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങ് ജില്ലാ വൈസ് പ്രസിഡന്റ്, യൂത്ത് ലീഗ് അങ്ങാടിപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡന്റ്, വൈറ്റ് ഗാഡ് മങ്കട മണ്ഡലം വൈസ് ക്യാപ്‌റ്റന്‍, പഞ്ചായത്ത് ക്യാപ്‌റ്റന്‍ എന്നീ മേഖലകളിലും സജീവമാണ്.
പെരിന്തല്‍മണ്ണ ജൂബിലി റോഡ് സ്വദേശി മാഞ്ഞാമ്പ്ര സലീമിന്റേയും രാമപുരം പനങ്ങാങ്ങര മാമ്പ്രതൊടി ഷഹര്‍ ബാനുവിന്റേയും മകനാണ്. കടുങ്ങപുരം വാരിയത്തൊടി ഷഹനയാണ് ഭാര്യ. ഷയാന്‍ മുഹമ്മദ്, ഷാസിന്‍ മുഹമ്മദ് എന്നിവര്‍ മക്കളാണ്. തിരൂര്‍ക്കാട് ഓരോടം പാലത്തിനടുത്താണ് കുടുംബസമേതം താമസിക്കുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/LGNq30ypgbfIwG3hGCsoS1
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
