
Perinthalmanna Radio
Date: 13-09-2024
മോട്ടോർ വാഹനങ്ങളിൽ അംഗീകൃത വ്യവസ്ഥകൾ പാലിച്ച് കൂളിങ് ഫിലിം (സൺ ഫിലിം) പതിപ്പിക്കുന്നത് അനുവദനീയമാണെന്ന് കേരളാ ഹൈക്കോടതി. ഇതിന്റെ പേരിൽ വാഹനങ്ങൾക്കെതിരേ നിയമനടപടി സ്വീകരിക്കാനോ പിഴ ചുമത്താനോ അധികൃതർക്ക് അവകാശമില്ലെന്ന് ജസ്റ്റിസ് എൻ.നഗരേഷ് വ്യക്തമാക്കി. കൂളിങ് ഫിലിം നിർമിക്കുന്ന കമ്പനി, കുളിങ് ഫിലിം പതിപ്പിച്ചതിന് പിഴ ചുമത്തിയതിനെതിരേ വാഹന ഉടമ, സൺ കൺട്രോൾ ഫിലിം വ്യാപാരം നടത്തുന്നതിന്റെ പേരിൽ രജിസ്ട്രേഷൻ റദ്ദാക്കുമെന്ന് മോട്ടോർ വാഹനവകുപ്പ് നോട്ടീസ് നൽകിയ സ്ഥാപനം തുടങ്ങിയവർ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.
മോട്ടോർ വാഹനങ്ങളിൽ ‘സേഫ്റ്റി ഗ്ലേസിങ്’ ചില്ലുകൾ ഘടിപ്പിക്കുന്നതിന് നിയമതടസ്സമില്ലെന്ന് ഹൈക്കോടതി അറിയിച്ചിരിക്കുന്നത്. ഉൾപ്രതലത്തിൽ പ്ലാസ്റ്റിക് ഫിലിം പിടിപ്പിച്ച് ബി.എസ്.എസ്. നിലവാരത്തോടെ പുറത്തിറക്കുന്ന ചില്ലുകളാണ് അനുവദനീയ ഗണത്തിൽപ്പെടുന്നതെന്നും ജസ്റ്റിസ് എൻ. നഗരേഷ് വ്യക്തമാക്കി. വാഹന ഉടമയ്ക്കെതിരേ ഉൾപ്പെടെ മോട്ടോർ വാഹനവകുപ്പ് നൽകിയ നോട്ടീസും മറ്റും റദ്ദാക്കിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. സേഫ്റ്റി ഗ്ലാസിന്റെ ഉൾപ്രതലത്തിൽ പ്ലാസ്റ്റിക് ഫിലിം പതിപ്പിച്ചതിനെ സേഫ്റ്റി ഗ്ലേസിങ്ങിന്റെ നിർവചനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ചട്ടങ്ങളിൽ നിഷ്കർഷിക്കുന്ന സുതാര്യത പാലിക്കുന്ന സേഫ്റ്റി ഗ്ലേസിങ് ഉപയോഗിക്കുന്നത് നിയമപരമാണെന്നും ഉത്തരവിൽ പറയുന്നു. മുന്നിലേയും പിന്നിലേയും ഗ്ലാസുകളിൽ 70 ശതമാനത്തിൽ കുറയാത്ത സുതാര്യമായ ഫിലിം പതിപ്പിക്കാമെന്നും വശങ്ങളിലെ സുതാര്യത 50 ശതമാനത്തിൽ കുറയരുതെന്നുമാണ് നിയമം അനുശാസിക്കുന്നത്. സേഫ്റ്റി ഗ്ലേസിങ് വാഹനങ്ങളിൽ ഘടിപ്പിക്കുന്നതിന് വാഹന നിർമാതാക്കൾക്ക് മാത്രമല്ല, വാഹന ഉടമകൾക്കും അവകാശമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്
2021 ഏപ്രിലിൽ പ്രാബല്യത്തിൽ വന്ന കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങളിലെ 100-ാം വകുപ്പിലെ ഭേദഗതി അനുസരിച്ച് വാഹനങ്ങളുടെ മുന്നിലും പിന്നിലും വശങ്ങളിലും സേഫ്റ്റി ഗ്ലാസുകൾക്ക് പകരം സേഫ്റ്റിഗ്ലേസിങ് കൂടി ഉപയോഗിക്കാൻ അനുവദിക്കുന്നുണ്ട്. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാന്റേഡ്സിന്റെ 2019-ലെ മാനദണ്ഡങ്ങൾക്ക് അനുസരിച്ചുള്ള സേഫ്റ്റി ഗ്ലേസിങ്ങാണ് അനുവദിച്ചിട്ടുള്ളത്. സേഫ്റ്റി ഗ്ലാസിന്റെ ഉൾപ്രതലത്തിൽ പ്ലാസ്റ്റിക് ഫിലിം പതിപ്പിച്ചിട്ടുള്ളത് സേഫ്റ്റിഗ്ലേസിങ്ങിന്റെ പരിധിയിൽ പെടുത്തിയിട്ടുള്ളതാണ്.
എന്നാൽ, വാഹനങ്ങളിൽ കൂളിങ് ഫിലിം പതിപ്പിക്കുന്നത് സുപ്രീം കോടതി തന്നെ നിരോധിച്ചിട്ടുള്ളതാണെന്നാണ് എതിർഭാഗത്തിന്റെ വാദം. അതേസമയം, ഈ വിധി ചട്ടങ്ങൾ ഭേദഗതി ചെയ്യുന്നതിന് മുൻപുള്ളതായിരുന്നെന്നും അന്ന് സേഫ്റ്റി ഗ്ലാസ് മാത്രമേ അനുവദനീയമായിരുന്നുള്ളൂവെന്നുമാണ് ഹൈക്കോടതി നിരീക്ഷിച്ചത്. ഗ്ലാസും ഫിലിമും ചേർന്ന സേഫ്റ്റിഗ്ലേസിങ്ങ് വാഹനങ്ങളിൽ ഘടിപ്പിക്കുന്നതിന് വാഹന നിർമാതാക്കൾക്ക് മാത്രമേ അനുവാദമുള്ളൂവെന്നും ഉടമയ്ക്ക് സാധിക്കില്ലെന്ന വാദവും കോടതി തള്ളിയിരുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Ratio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
