സാധാരണക്കാരുടെ കീശ കാലിയാക്കി പച്ചക്കറിക്ക് പൊള്ളുംവില

Share to



Perinthalmanna Radio
Date: 14-04-2024

വിലക്കയറ്റം കൊണ്ട് നട്ടംതിരിയുന്ന സാധാരണക്കാരുടെ കീശ കാലിയാക്കി പച്ചക്കറികളും. ചെറിയ പെരുന്നാളിനു പിറകെ വിഷുകൂടിയെത്തിയതോടെ പച്ചക്കറി വില കുതിച്ചുയർന്നു.

പയർ, ബീൻസ്, കയ്പക്ക, പച്ചമുളക്, വെണ്ട, മത്തൻ, കാബേജ് തുടങ്ങി മിക്ക പച്ചക്കറികൾക്കും വില കുത്തനെ വർധിച്ചു. പയർ, ബീൻസ്, കയ്പക്ക, ഉണ്ടമുളക് തുടങ്ങിയവയുടെ വില കിലോയ്ക്ക് 100 കവിഞ്ഞു. വേനൽ കടുത്തതോടെ പ്രാദേശികമായുള്ള പച്ചക്കറി ഉത്പാദനം കുറഞ്ഞതും മറ്റു സംസ്ഥാനങ്ങളിലെ വിലക്കയറ്റവും കേരളത്തിലും ബാധിച്ചിട്ടുണ്ട്. ചെറിയ പെരുന്നാളും വിഷുവും വന്നതോടെ ആവശ്യകത കൂടിയതും വിലക്കയറ്റത്തിനിടയാക്കി. ആശ്വാസമായി ചന്തകളും ഉത്സവ വിപണിയും നടക്കാറുണ്ടെങ്കിലും ഇത്തവണ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൽ തട്ടി ഇല്ലാതായതും സാധാരണക്കാർക്ക് ഇരുട്ടടിയായിരിക്കുകയാണ്.

ബീൻസും കയ്പക്കയും കാരറ്റുമാണ് ഇത്തവണ വിലക്കയറ്റത്തിൽ ഞെട്ടിച്ചത്. ബീൻസിന് മൊത്തവിപണിയിൽ 120-130 രൂപയും ചില്ലറ വിപണിയിൽ 150-160 രൂപയുമാണ്. കാരറ്റ് മൊത്തവിപണിയിൽ 85 രൂപയും ചില്ലറ വിപണിയിൽ 100 രൂപയുമായി. കയ്പക്കയ്ക്ക് മൊത്തവിപണിയിൽ 90 രൂപയും ചില്ലറ വിപണിയിൽ 100-110 രൂപയുമായി. ഒരു മാസം മുമ്പ് 40-50 രൂപയ്ക്ക് ബീൻസും കയ്പക്കയും കാരറ്റും ലഭിച്ചിരുന്നു. റോഡരികിൽ കാരറ്റ് 20 രൂപയ്ക്കുവരെ വിറ്റിരുന്നു.

ഉത്സവകാലത്ത് വില വർധിക്കുന്ന പയർ ഇത്തവണയും പതിവ് തെറ്റിച്ചില്ല. കിലോയ്ക്ക് 120-130 രൂപ വരെ ഉയർന്നു. മൊത്തവിപണിയിൽ 110 രൂപ വരെ വർധിച്ചിട്ടുണ്ട്. 50-60 രൂപയായിരുന്നു നേരത്തെയുണ്ടായിരുന്നത്. വെണ്ടയ്ക്കക്കും വില കുതിച്ചുയർന്നു. 30 രൂപയുണ്ടായിരുന്ന വെണ്ടയ്ക്ക വില മൊത്തവിപണിയിൽ 70 രൂപയും ചില്ലറ വിപണിയിൽ 90 രൂപയുമായി. പച്ചമുളക് വിലയും ആളുകളുടെ കണ്ണെരിയിക്കുന്നതായി. കിലോയ്ക്ക് 70 രൂപയുണ്ടായിരുന്ന ഉണ്ടമുളകിന് 110 രൂപയിലേക്കും സാധാരണ പച്ചമുളക് 40-50 രൂപയിൽനിന്ന് 100-ലേക്കും കത്തിക്കയറി. മല്ലിയിലയ്ക്കും വലിയതോതിൽ വില കൂടി. മൊത്തവിപണിയിൽ കിലോയ്ക്ക് 40 രൂപയുണ്ടായിരുന്നത് 100 രൂപയായാണ് വർധിച്ചത്.

മൊത്തവിപണിയിൽ 15-20 രൂപയുണ്ടായിരുന്ന മത്തൻ 40 രൂപയിലേക്കും 20 രൂപയുണ്ടായിരുന്ന കക്കിരി 45 രൂപയിലേക്കും കുതിച്ചു. 15 രൂപയുണ്ടായിരുന്ന കാബേജിന് 32 രൂപയായി. ഇഞ്ചിവിലയും ഉയർന്നുതന്നെയാണുള്ളത്. കിലോയ്ക്ക് 200 രൂപയായി. അതേസമയം, തക്കാളി വിലക്കയറ്റത്തിന് അൽപ്പം ആശ്വാസമായി. വെള്ളിയാഴ്ച വരെ കിലോയ്ക്ക് 40 രൂപയുണ്ടായിരുന്നത് ഒറ്റയടിക്ക് എട്ടു രൂപ കുറഞ്ഞ് 32 രൂപയായി. കണിവെള്ളരി വിലയും കത്തിച്ചുവിട്ട റോക്കറ്റ് പോലെ ഉയർന്നു. വെള്ളിയാഴ്ച 60 രൂപയായിരുന്നത് ശനിയാഴ്ച 70 രൂപയായി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *