
Perinthalmanna Radio
Date: 14-04-2025
പെരിന്തൽമണ്ണ: അഖിലേന്ത്യാ സെവൻസ് ഫുട്ബോളിൽ ഫിഫ മഞ്ചേരിയുടെ ആറാട്ട്. ഏകദേശം 28 അഖിലേന്ത്യാ സെവൻസ് ടൂർണമെന്റുകൾ പൂർത്തിയായപ്പോൾ 6 കപ്പുമായി ഫിഫ മഞ്ചേരിയാണ് കിരീട നേട്ടത്തിൽ മുൻപിലുള്ള ടീം. ഒരു ടൂർണമെന്റിൽ റണ്ണേഴ്സുമായി. പെരിന്തൽമണ്ണ, എടത്തനാട്ടുകര, മീനങ്ങാടി, വേങ്ങര, കൂത്തുപറമ്പ്, ഫറോക്ക് എന്നിവിടങ്ങളിൽ നടന്ന അഖിലേന്ത്യാ ടൂർണമെന്റുകളിലാണ് ഫിഫ മഞ്ചേരി ചാംപ്യന്മാരായത്. 4 വീതം കിരീടവുമായി ലിൻഷ മെഡിക്കൽസ് മണ്ണാർക്കാടും ഇസ ഗ്രൂപ്പ് ചെർപ്പുളശ്ശേരിയുമാണ് ഫിഫ മഞ്ചേരിക്കു തൊട്ടുപിന്നിൽ. മൂന്നു വീതം കിരീടവുമായി സൂപ്പർ സ്റ്റുഡിയോ മലപ്പുറവും സബാൻ കോട്ടയ്ക്കലും രണ്ടു വീതം കിരീടവുമായി അൽമദീന ചെർപ്പുളശ്ശേരിയും കോഴിക്കോട് റോയൽ ട്രാവൽസും ഇവർക്കു പിന്നിലുണ്ട്. യുണൈറ്റഡ് എഫ്സി നെല്ലിക്കുത്ത്, കെഎംജി മാവൂർ, ഫിറ്റ്‌വെൽ കോഴിക്കോട്, കെഡിഎസ് കിഴിശ്ശേരി എന്നീ ടീമുകൾ ഒന്നു വീതം കിരീടവുമായി പോയിന്റ് പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നു. ഈ സെവൻസ് സീസൺ അതിന്റെ അവസാന ലാപ്പിലേക്കു കടക്കുമ്പോൾ കിരീട നേട്ടത്തിൽ ആരു രാജാവാകുമെന്ന കാര്യമാണ് ഇനി അറിയാനുള്ളത്. ഏകദേശം 43 അഖിലേന്ത്യാ ടൂർണമെന്റുകളാണ് ഇത്തവണത്തെ സെവൻ സീസണിൽ. 28 എണ്ണം പൂർത്തിയായി കഴിഞ്ഞു. കൊളത്തൂർ, കൊണ്ടോട്ടി നീറാട്, തൃശൂരിലെ വലിയാലുക്കൽ, തുവ്വൂർ, കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട്, കണ്ണൂരിലെ ഇരിക്കൂർ, കോട്ടയം ജില്ലയിലെ ചങ്ങനാശേരി, തൃശൂരിലെ കരൂപ്പടന്ന, പാലക്കാട് ജില്ലയിലെ ചാലിശ്ശേരി എന്നിവിടങ്ങളിൽ നിലവിൽ അഖിലേന്ത്യാ ടൂർണമെന്റുകൾ നടന്നു കൊണ്ടിരിക്കുകയാണ്. മഞ്ചേരി, അരീക്കോട്, പള്ളിക്കര, കടവത്തൂർ, തലശ്ശേരി, ആലുവ എന്നിവിടങ്ങളിലെ അഖിലേന്ത്യാ ടൂർണമെന്റുകളാണ് ഇനി നടക്കാനുള്ളത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
