യാത്രാ ആനുകൂല്യത്തെ ചൊല്ലി തർക്കം; ബസ് ജീവനക്കാരും നാട്ടുകാരും തമ്മിൽ സംഘർഷം

Share to


Perinthalmanna Radio
Date: 14-06-2025

മങ്കട: വിദ്യാർഥികളുടെ യാത്രാ ആനുകൂല്യത്തെ ചൊല്ലിയുണ്ടായ തർക്കത്തിൽ സ്വകാര്യ ബസ് ജീവനക്കാരും നാട്ടുകാരും തമ്മിൽ സംഘർഷം. ഇതിൽ പ്രതിഷേധിച്ച് മലപ്പുറം- പെരിന്തൽമണ്ണ റൂട്ടിൽ സ്വകാര്യ ബസുകൾ പണിമുടക്കി. വെള്ളിയാഴ്ച രാവിലെ ഏഴേകാലിന് രാമപുരത്ത് വിദ്യാർഥികൾക്ക് യാത്രാ ആനുകൂല്യം നിഷേധിച്ചു എന്നാരോപിച്ച് നാട്ടുകാർ ലീഡർ എന്ന സ്വകാര്യ ബസ് തടഞ്ഞതാണ് സംഘർഷത്തിൽ കലാശിച്ചത്. കുട്ടികൾ മിക്കവരും രാവിലെ മക്കരപ്പറമ്പിൽ ട്യൂഷനുപോയശേഷം സ്‌കൂളിൽ പോകുന്നവരാണ്. രാവിലെ ട്യൂഷനു പോകുന്ന കുട്ടികളും ബസ് ജീവനക്കാരും കഴിഞ്ഞ മൂന്നു , ദിവസമായി തർക്കമുണ്ട്.

ട്യൂഷനു പോകുന്നവർ 10 രൂപ തരണമെന്ന് ജീവനക്കാരും അഞ്ചുരൂപയേ തരൂ എന്ന് വിദ്യാർഥികളും പറഞ്ഞതാണ് തർക്കത്തിനു കാരണം. സംഘർഷസാധ്യതയുള്ളതിനാൽ പോലീസ് സാന്നിധ്യമുണ്ടായിരുന്നു. സ്കൂൾ വിദ്യാർഥികളെ വഴിയിൽ ഇറക്കിവിട്ടുവെന്നാരോപിച്ചാണ് നാട്ടുകാർ ബസ് തടഞ്ഞത്. വിദ്യാർഥികൾ കൺസെഷൻ ടിക്കറ്റ് നൽകാമെന്നു പറഞ്ഞിട്ടും ബസ് ജീവനക്കാർ അത് സ്വീകരിക്കാൻ കൂട്ടാക്കാത്തതാണ് പ്രശ്നങ്ങൾക്കു കാരണമായത്. കുട്ടികൾക്ക് കൺസെഷൻ ടിക്കറ്റ് നിഷേധിച്ച് വഴിയിൽ ഇറക്കിവിടുകയായിരുന്നുവെന്നും ഇതിൽ പ്രതിഷേധിച്ചാണ് ബസ് തടഞ്ഞതെന്നും നാട്ടുകാർ പറയുന്നു. മക്കരപ്പറമ്പിൽ ട്യൂഷനു പോകുന്ന കുട്ടികൾ രണ്ട് രൂപയേ തരൂ എന്ന് അറിയിച്ചു. സർക്കാർ ഉത്തരവ് പ്രകാരം ട്യൂഷനു പോകാൻ കൺസെഷൻ തരില്ലെന്നും അഞ്ചുരൂപയെങ്കിലും തരണമെന്നും ജീവനക്കാരും ആവശ്യപ്പെട്ടു. എന്നാൽ പോലീസുണ്ടായിട്ടും നാട്ടുകാർ ബസ് തടഞ്ഞ് വിദ്യാർഥികളെ ഇറക്കി ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നുവെന്ന ബസ് തടഞ്ഞ് ഭീകരാന്തരീക്ഷമുണ്ടാക്കി യാത്രക്കാരെ അസഭ്യം പറഞ്ഞതായും ഇത് ക്യാമറാദൃശ്യങ്ങളിൽ വ്യക്തമായുണ്ടെന്നും ബസ് ഉടമ ചട്ടിപ്പറമ്പ് പാറമ്മൽ അബ്‌ദുൾ അമീർ പറഞ്ഞു. ബസ് തടഞ്ഞ് ജീവനക്കാരെ കൈയേറ്റം ചെയ്തവർക്കെതിരേ കേസെടുത്തില്ലെങ്കിൽ ശനിയാഴ്ചയും സമരം തുടരുമെന്ന് ബസ് ഉടമകളുടെ സംഘടനാ ഭാരവാഹികൾ പറഞ്ഞു. നാട്ടുകാർ തടഞ്ഞ ബസ് മങ്കട സ്റ്റേഷനിൽ എത്തിച്ചതായും ഇരുവിഭാഗവുമായി ചർച്ച നടത്തി വരികയാണെന്നും മങ്കട സ്റ്റേഷൻ ഇൻസ്പെക്‌ടർ പറഞ്ഞു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *