
Perinthalmanna Radio
Date: 14-09-2024
പെരിന്തൽമണ്ണ : നഗരസഭയുടെ ഒലിങ്കരയിലുള്ള ലൈഫ് ഫ്ലാറ്റ് സമുച്ചയത്തിലെ മലിനജലപ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിനുള്ള നാലുകോടിയുടെ പദ്ധതിക്ക് ശുചിത്വമിഷന്റെ അനുമതിയായില്ല. വെള്ളിയാഴ്ച നഗരസഭാ കൗൺസിൽ യോഗത്തിൽ വിഷയം ചർച്ചയായപ്പോൾ നഗരസഭാധ്യക്ഷനാണ് ഈ പദ്ധതിയുടെ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് അറിയിച്ചത്. വിവിധ ഫ്ലാറ്റുകളിൽ വ്യത്യസ്ത സെപ്റ്റിക് ടാങ്കുകൾ കൂട്ടിയിണക്കി മലിനജല സംസ്കരണ യൂണിറ്റ് (എസ്.ടി.പി.) സ്ഥാപിക്കുന്ന പദ്ധതിയാണ് അംഗീകാരത്തിനായി നൽകിയത്. അതേ സമയം നിലവിലുള്ള സെപ്റ്റിക് ടാങ്കുകൾ ഇടക്കിടെ നിറയുന്നത് ആരോഗ്യ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉയർത്തുന്നുമുണ്ട്. ടാങ്കുകൾ നിറഞ്ഞൊഴുകുന്നത് പരിഹരിക്കാൻ ചുറ്റുമതിൽ നിർമിക്കാനും ടാങ്കുകളിൽ പി.വി.സി. പൈപ്പുകൾ സ്ഥാപിക്കാനും നടപടിയെടുത്തതായി അധ്യക്ഷൻ അറിയിച്ചു. 6.2 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് യോഗം അംഗീകാരംനൽകി.
നഗരസഭയിലെ കക്കൂത്ത് സ്വദേശി അംഗപരിമിതനും ഹീമോഫീലിയ ബാധിതനുമായ കെ. ജുനൈദിന് ഡി.ടി.പി. ആൻഡ് ഫോട്ടോസ്റ്റാറ്റ് സെന്ററിന് അനുയോജ്യമായ സ്ഥലം സൗജന്യമായി അനുവദിക്കാൻ യോഗം തീരുമാനിച്ചു. ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ വരുമാനമാർഗങ്ങളില്ലെന്നും മരുന്നിനും ചികിത്സയ്ക്കുമായി മാസം ലക്ഷം രൂപ ചെലവു വരുന്നുണ്ടെന്നും കാണിച്ച് തദ്ദേശ മന്ത്രിയുടെ അദാലത്തിൽ ജുനൈദ് അപേക്ഷ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. നഗരസഭാ കാര്യാലയത്തിന് താഴെ നഗരസഭയുടെ ഉടമസ്ഥതയിലുള്ള കടമുറികളിൽ നിന്ന് സൗജന്യമായി കിയോസ്‌കിനാവശ്യമായ സ്ഥലം നൽകും. നഗരസഭയിലെ 2024-25 വാർഷിക പദ്ധതിയിൽ 25 ലക്ഷം രൂപ വകയിരുത്തിയ എസ്.സി. വിവാഹ ധന സഹായം ആദ്യ ഘട്ടത്തിൽ 10 കുടുംബങ്ങൾക്ക് നൽകും. 1,25,000 രൂപ വീതം 10 കുടുംബങ്ങൾക്ക് 12,50,000 രൂപയാണ് ധനസഹായമായി ലഭിക്കുക. സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ കൗൺസിൽ യോഗം അനുശോചിച്ചു. നഗരസഭാധ്യക്ഷൻ പി. ഷാജി അധ്യക്ഷത വഹിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
