
Perinthalmanna Radio
Date: 14-09-2024
പെരിന്തൽമണ്ണ: വോൾട്ടേജ് ക്ഷാമത്തിന് പരിഹാരമായി ട്രാൻസ്ഫോർമറിന്റെ ശേഷി ഉയർത്തുന്നതിന് അനുവദിച്ച ഫണ്ട് മതിയാകാതെ വന്നപ്പോൾ 1.12 ലക്ഷം രൂപ നൽകി മഹല്ല് കമ്മിറ്റിയുടെ മാതൃക. പെരിന്തൽമണ്ണ നഗരസഭയിലെ പാതായ്ക്കര ജുമാമസ്ജിദ് മഹല്ല് കമ്മിറ്റിയാണ് കെ.എസ്.ഇ.ബി.യിൽ തുക അടച്ചത്. പള്ളി ഉൾപ്പെടുന്ന പ്രദേശത്തെ 115-ലേറെ ഉപഭോക്താക്കൾക്കാണ് ഇതിലൂടെ വോൾട്ടേജ് ക്ഷാമം മാറിയത്. ഏറെക്കാലമായി പള്ളിയുടെ സമീപത്തുള്ള ട്രാൻസ്ഫോർമറിനു കീഴിൽ വോൾട്ടേജ് ക്ഷാമം നേരിടുകയായിരുന്നു.
പ്രതിസന്ധി രൂക്ഷമായതോടെ ട്രാൻസ്ഫോർമറിന്റെ ശേഷി വർധിപ്പിക്കുകയല്ലാതെ മാർഗമില്ലെന്നായി. ഈ പദ്ധതിക്ക് കെ.എസ്.ഇ.ബി. അധികൃതർ മൂന്നുലക്ഷം രൂപയുടെ എസ്റ്റിമേറ്റ് നൽകി.
എട്ടുമാസം മുൻപ് നജീബ് കാന്തപുരം എം.എൽ.എ.യുടെ ഫണ്ടിൽനിന്ന് തുക അനുവദിച്ചു. ഇതിനിടെ എസ്റ്റിമേറ്റുകളിൽ സർക്കാർ വർധന വരുത്തിയതോടെ ചെലവ് 4.12 ലക്ഷമായി. എം.എൽ.എ. ഫണ്ടിലെ തുകയ്ക്കുപുറമേ ബാക്കിയുള്ള തുക കണ്ടെത്താൻ മാർഗമില്ലാതെ വന്നതോടെ മഹല്ല് കമ്മിറ്റി തുക അടയ്ക്കാൻ സന്നദ്ധരാവുകയായിരുന്നൂവെന്ന് ഭാരവാഹികൾ പറഞ്ഞു.
ശേഷി ഉയർത്തിയ ട്രാൻസ്ഫോമർ ഉദ്ഘാടനം വ്യാഴാഴ്ച നജീബ് കാന്തപുരം എം.എൽ.എ. നിർവഹിച്ചു. പള്ളിക്കമ്മിറ്റിയുടെ സേവനത്തെ നാടിന്റെ മതേതരത്വത്തിന് മാതൃകയാക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.
15-ാം വാർഡ് കൗൺസിലർ പച്ചീരി ഫാറൂഖ് അധ്യക്ഷത വഹിച്ചു. മഹല്ല് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് കോയ തങ്ങൾ, ഖത്തീബ് നിസാർ ഫൈസി, മഹല്ല് ഭാരവാഹികൾ, കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരായ മുഹമ്മദ് റഫീഖ്, സിദ്ദീഖ് തുടങ്ങിയവർ പങ്കെടുത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
