വഴിയോര കച്ചവടക്കാർക്ക് ആശ്വാസമായി എംഎൽഎയുടെ ഹെൽത്ത് കാർഡ് പദ്ധതി

Share to


Perinthalmanna Radio
Date: 14-09-2025

പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലെ നിർധനരായ നൂറോളം വഴിയോര കച്ചവടക്കാർക്ക് നജീബ് കാന്തപുരം എംഎൽഎ ഹെൽത്ത് കാർഡ് നൽകി. വർഷങ്ങളായി വഴിയോര കച്ചവടം ചെയ്യുന്നവരും സാമ്പത്തിക പ്രയാസങ്ങൾ കാരണം ജീവിതത്തിൻ്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാൻ തെരുവോരങ്ങളിൽ കഷ്ടപ്പെടുന്നവരുമായ വഴിയോര കച്ചവടക്കാർക്കാണ് പ്രത്യേക ഹെൽത്ത് കാർഡ് നൽകിയിരിക്കുന്നത്. നിയോജക മണ്ഡലത്തിലെ അങ്കണവാടി വർക്കർമാർ, ഹെൽപ്പർമാർ, പരിരക്ഷാ വൊളന്റിയർമാർ, കുടുംബശ്രീ സിഡിഎസ് അംഗങ്ങൾ, ഹരിത കർമ്മസേനാംഗങ്ങൾ, ആംബുലൻസ് ഡ്രൈവർമാർ എന്നിവർക്ക് നേരത്തേ എംഎൽഎ ഹെൽത്ത് കാർഡ് നൽകിയിരുന്നു.

പെരിന്തൽമണ്ണയിലെ പത്തോളം പ്രമുഖ സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിൽ ചികിത്സയ്ക്ക് പല തരത്തിലുള്ള ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതാണ് എംഎൽഎ ഹെൽത്ത് കാർഡ്. ഹെൽത്ത് കാർഡിനൊപ്പം ആക്‌സിഡന്റ് ഇൻഷുറൻസ് പോളിസിയും സൗജന്യമായി നൽകിയിട്ടുണ്ട്. തുച്ഛമായ വേതനത്തിന് സാമൂഹിക സേവനം ചെയ്യുന്ന അടിസ്ഥാന വിഭാഗത്തെ ചേർത്തു നിർത്തേണ്ടത് സമൂഹത്തിൻ്റെ ഉത്തര വാദിത്വമാണെന്നും അതു കൊണ്ടാണ് ഇത്തരത്തിലുള്ള പദ്ധതിക്ക് രൂപം നൽകിയതെന്നും നജീബ് കാന്തപുരം എംഎൽഎ പറഞ്ഞു. ആശയം മുന്നോട്ടു വെച്ചപ്പോൾ സാമൂഹിക പ്രതിബദ്ധതയോടെ കൂടെ നിൽക്കുകയും പദ്ധതിയുമായി സഹകരിക്കാൻ തയ്യാറാവുകയും ചെയ്ത പെരിന്തൽമണ്ണയിലെ വിവിധ ഹോസ്പിറ്റൽ മാനേജ്മെന്റിനെ അഭിനന്ദിക്കുകയും ചെയ്തു. വഴിയോര കച്ചവടക്കാർക്കുള്ള ഹെൽത്ത് കാർഡ് വിതരണം എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്ട്രീറ്റ് വെണ്ടേഴ്‌സ് യൂണിയൻ എസ്‌ടിയു ജില്ലാ ജനറൽ സെക്രട്ടറി ശിഹാബ് കളക്കണ്ടൻ, മണ്ഡലം ട്രഷ റർ രാമകൃഷ്ണൻ ഒലിങ്കര, ശ്രീജ, സെയ്താലി മുള്ള്യകുർശ്ശി, ഖാജാ ഹുസ്സയിൻ ഹസ്സൻ, കെ.ടി. ഹനീഫ തുടങ്ങിയവർ സംസാരിച്ചു
———————————————
Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *