മാട്ടായ- പറയൻതുരുത്ത് പാലം യാഥാര്‍ഥ്യമാകുന്നു

Share to

Perinthalmanna Radio
Date: 14-12-2023

പെരിന്തൽമണ്ണ : ഏലംകുളം പഞ്ചായത്തിലെ മാട്ടായയെയും കുലുക്കല്ലൂർ പഞ്ചായത്തിലെ പടിഞ്ഞാറെ മപ്പാട്ടുകരയെയും ബന്ധിപ്പിക്കുന്ന നിർദിഷ്ട പാലം നിർമാണത്തിന് വഴിതെളിയുന്നു. നിർമാണത്തിനുള്ള സ്ഥലം നിശ്ചയിക്കുന്നതിനുണ്ടായിരുന്ന അനിശ്ചിതത്വം നീങ്ങിയതോടെയാണ് മലപ്പുറം-പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പാലത്തിന് വഴിയൊരുങ്ങുന്നത്. പെരിന്തൽമണ്ണ എം.എൽ.എ. നജീബ് കാന്തപുരത്തിന്റെയും പട്ടാമ്പി എം.എൽ.എ. മുഹമ്മദ് മുഹ്‌സിന്റെയും സാന്നിധ്യത്തിൽ കുലുക്കല്ലൂർ പഞ്ചായത്ത് ഹാളിലാണ് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും സംയുക്ത യോഗം ചേർന്നത്.

മാട്ടായ, പടിഞ്ഞാറെ മപ്പാട്ടുകര എന്നീ സ്ഥലങ്ങളാണ് പാലം നിർമിക്കുന്നതിനായി യോഗത്തിൽ തീരുമാനമായത്. നെല്ലായ-മാരായമംഗലം പ്രദേശങ്ങളെ മുളയങ്കാവുമായി ബന്ധിപ്പിക്കുന്നതിന് മപ്പാട്ടുകര കമാനത്തുള്ള റെയിൽവേ അടിപ്പാത വീതി കൂട്ടുന്ന പ്രവർത്തനങ്ങൾ ഊർജിതമാക്കും. വീതി കുറവായതിനാൽ ഇതിലേ നാലുചക്രവാഹനങ്ങൾക്ക് പോകാനാവാത്തതിനാൽ വീതി കൂട്ടണമെന്ന് നാട്ടുകാർ യോഗത്തിൽ ആവശ്യപ്പെടുകയായിരുന്നു.

മാട്ടായ- പറയൻതുരുത്ത് പാലം നിർമാണത്തിന് 2020-21, 2021-22, 2022-23 വർഷങ്ങളിലെ സംസ്ഥാന ബജറ്റുകളിൽ ടോക്കൺ വകയിരുത്തിയിരുന്നു. 2021-ൽ പരിശോധനയടക്കമുള്ള പ്രവൃത്തികൾക്കായി 9.6 ലക്ഷം രൂപയുടെ ഭരണാനുമതിയും ലഭിച്ചിരുന്നു. സ്ഥലം നിർണയിച്ചുനൽകുന്നതിൽ അഭിപ്രായ വ്യത്യാസമുണ്ടായതോടെ തുടർപ്രവർത്തനങ്ങളും സ്തംഭിച്ചു. ഇത്തരം സാങ്കേതികപ്രശ്നങ്ങൾക്കാണ് സംയുക്ത യോഗത്തിൽ പരിഹാരമായത്. ടെൻഡർ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി രണ്ടുമാസത്തിനകം പരിശോധനാപ്രവൃത്തികൾ പൂർത്തിയാക്കാനാണ് പൊതുമരാമത്ത് വകുപ്പ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പരിശോധനാ റിപ്പോർട്ട് പൊതുമരാമത്ത് വകുപ്പ് ഡിസൈൻ വിഭാഗത്തിന് ലഭിച്ചാൽ രണ്ടുമാസത്തിനകം രൂപകല്പനയും നടത്താനാകും.
യോഗത്തിനുശേഷം ജനപ്രതിനിധികൾ പദ്ധതിപ്രദേശം സന്ദർശിച്ചു. യോഗത്തിൽ ഏലംകുളം പഞ്ചായത്ത് പ്രസിഡന്റ് സി. സുകുമാരൻ, കുലുക്കല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് വി. രമണി, അസി. എക്‌സിക്യുട്ടീവ് എൻജിനീയർ വിനോദ്കുമാർ ചാലിൽ, ജനപ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *