പെരിന്തല്‍മണ്ണ നഗരസഭ ബജറ്റ്; ക്ഷേമ പദ്ധതികള്‍ക്ക് മുന്‍ഗണന

Share to

Perinthalmanna Radio
Date: 15-02-2024

പെരിന്തല്‍മണ്ണ: സുസ്ഥിര വികസനവും വിവിധ വിഭാഗങ്ങളുടെ ക്ഷേമത്തിനും ഊന്നല്‍ നല്‍കി പെരിന്തല്‍മണ്ണ നഗരസഭയുടെ 2024-25 വര്‍ഷത്തെ ബജറ്റ് വൈസ് ചെയര്‍ പേഴ്സണും ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷയുമായ എ.നസീറ അവതരിപ്പിച്ചു 118,83,78,059 രൂപ വരവും 115,10,00,000 രൂപ ചെലവും 3,73,78,059 രൂപ മിച്ചവും ബജറ്റില്‍ പ്രതീക്ഷിക്കുന്നു. റോഡുകളുടെ റീ ടാറിംഗ്, റീ കോണ്‍ക്രീറ്റിംഗ് പ്രവൃത്തികള്‍ക്കായി 4.25 കോടി രൂപ മാറ്റി വയ്ക്കും.

നിലവിലുള്ള റിംഗ് റോഡുകള്‍ വീതി വര്‍ധിപ്പിച്ചും പുതിയ റിംഗ് റോഡുകള്‍ നിര്‍മിക്കുന്നതിനുമായി 50 ലക്ഷം ചെലവഴിക്കും. നഗരത്തിലെ ജഹനറ- പട്ടാമ്പി റോഡ്, വീനസ്- ബൈപ്പാസ് റോഡ്, പട്ടാമ്പി റോഡ്- എംഇഎസ് -ജൂബിലി റോഡുകള്‍ വീതികൂട്ടും. മൂസക്കുട്ടി സ്മാരക ബസ് സ്റ്റാന്‍ഡ്- ഭാരത്ഗ്യാസ് ഏജന്‍സി റോഡ്, ഹൗസിംഗ് കോളനി- കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡ് റോഡ് എന്നിവ പുതിയതായി നിര്‍മിക്കും.

മൂസക്കുട്ടി സ്മാരക ടൗണ്‍ഹാള്‍ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ അഞ്ചു കോടി രൂപ മാറ്റിവയ്ക്കും. ആയുര്‍വേദ ആശുപത്രിയുടെ നിര്‍മാണം പൂര്‍ത്തീകരിച്ച്‌ കൈമാറും. ഇതിനു 3.5 കോടി രൂപ ബജറ്റില്‍ വകയിരുത്തി. ‘അരികെ’ എന്ന പേരില്‍ വയോജന പരിപാലന പദ്ധതിക്കായി അരകോടി രൂപ നീക്കിവച്ചു.

നഗരസഭയിലെ വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണവും മാനസിക ഉല്ലാസത്തിനുമായി വയോജന ക്ലബുകള്‍, യാത്ര, വയോജനോത്സവം, കായികോത്സവം എന്നിവയും നടപ്പാക്കും. പുതിയ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനും തൊഴില്‍ സാധ്യതകള്‍ ഉറപ്പു വരുത്തുന്നതിനുമായി 50 ലക്ഷം വകയിരുത്തും.

വള്ളുവനാട് ഫിലിം ഫെസ്റ്റ് എന്ന പേരില്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം സംഘടിപ്പിക്കും. ഇതിനായി മൂന്നു ലക്ഷം രൂപ വകയിരുത്തി. സ്വകാര്യ പങ്കാളിത്തത്തോടെ വ്യാപാരികളെ സംഘടിപ്പിച്ച്‌ പെരിന്തല്‍മണ്ണ ഷോപ്പിംഗ് ഫെസ്റ്റിവല്‍ നടത്തും.

കുടുംബശ്രീ പ്രവര്‍ത്തകരായ സംരംഭകരെ ഉള്‍പ്പെടുത്തി 15 പേര്‍ക്ക് ജോലി നല്‍കാന്‍ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ ഭക്ഷ്യ വസ്തുക്കള്‍ വിപണനം ചെയ്യുന്നതിന് ‘നാലു മണിചായ ‘ എന്ന പേരില്‍ ചായ ബൂത്തുകള്‍ ആരംഭിക്കും. ഇതിനൊപ്പം മായമില്ലാത്ത കേന്ദ്രീകൃത അടുക്കളയും തുടങ്ങും. ഇതിന് അഞ്ച് ലക്ഷം രൂപ വകവച്ചു.

ആധുനിക രീതികളില്‍ മാലിന്യ സംസ്കരണം നടക്കുന്ന പ്ലാന്റിനെ അക്കാഡമിക് നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി ‘മാറ്റം ‘ എന്ന പേരില്‍ അഞ്ചു കോടി ചെലവില്‍ പദ്ധതി നടപ്പാക്കും. വിദ്യാഭ്യാസ രംഗത്ത് ഷുവര്‍ മിഷന്‍ പദ്ധതി മികവോടെ തുടരും. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചു നടപ്പാക്കിയ ചെയര്‍മാന്‍ സ്കോളര്‍ഷിപ്പ് പദ്ധതിയില്‍ കൂടുതല്‍ വിദ്യാര്‍ഥികളെ പങ്കാളികളാക്കും.

ഭിന്നശേഷിക്കാര്‍ക്കും അരയ്ക്കുതാഴെ തളര്‍ന്നവര്‍ക്കുമായി നടപ്പാക്കുന്ന സാന്ത്വനം ക്യാമ്പുകള്‍ വിപുലമായി നടത്തും. ആറു ലക്ഷം രൂപ ഇതിനായി വകയിരുത്തും. 400 കുടുംബങ്ങള്‍ താമസിക്കുന്ന നഗരസഭയുടെ ഫ്ളാറ്റ് സമുച്ചയത്തില്‍ എസ്ടിപി, എഫ്‌എസ്ടിപി സംവിധാനം നിര്‍മിക്കും.

വായനശാലകളുടെ വാര്‍ഷികാഘോഷങ്ങള്‍ക്ക് 10000 രൂപ വീതം നല്‍കും. നഗരസഭയിലെ 31 അങ്കണവാടികളില്‍ എ.സി. സ്ഥാപിക്കാന്‍ 15 ലക്ഷം രൂപ വകയിരുത്തി. പരമ്പരാഗത കളികളെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി പെരിന്തല്‍മണ്ണയില്‍ സജീവമായിരുന്ന പകിടകളി ഉള്‍പ്പെടെയുള്ള കളികളെ പ്രോത്സാഹിപ്പിക്കുന്നതിനായി 50,000 രൂപ വകയിരുത്തി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *