
Perinthalmanna Radio
Date: 15-02-2024
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം- വളാഞ്ചേരി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ മഞ്ഞളാംകുഴി അലി എംഎൽഎ സബ്മിഷൻ അവതരിപ്പിച്ചു. മുൻപും വിഷയം സബ്മിഷനായി ഉന്നയിച്ചിരുന്നു. റോഡിന്റെ മാലാപറമ്പ് മുതൽ വെങ്ങാട് ഗോകുലം വരെയുള്ള 8 കിലോമീറ്റർ ദൂരം പൂർണമായി തകർന്ന നിലയിലാണ്. കുണ്ടും കുഴിയുമായി കിടക്കുന്ന റോഡിൽ അപകടങ്ങൾ നിത്യ സംഭവമാണ്.
അങ്ങാടിപ്പുറം മുതൽ മാലാപറമ്പ് വരെയുള്ള ഭാഗത്തിന്റെ നവീകരണം ഒന്നാംഘട്ടം പൂർത്തിയായിട്ടുണ്ട്. ഇതിനായി രണ്ടു ഘട്ടങ്ങളിലായി 8 കോടി രൂപയാണ് അനുവദിച്ചത്. റോഡിന്റെ ബാക്കി ഭാഗം തകർന്നു കിടക്കുന്നതു മൂലം യാത്രക്കാർ ദുരിതം അനുഭവിക്കുകയാണ്.
സബ്മിഷനായും കത്തായും ചോദ്യമായും 12 തവണ വിഷയം മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നതായി മഞ്ഞളാംകുഴി അലി പറഞ്ഞു. മെഡിക്കൽ കോളജ്, ജില്ലാ ആശുപത്രി, 12 സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലേക്കായി ദിവസവും നൂറുകണക്കിന് ആംബുലൻസുകൾ കടന്നു പോകുന്നുണ്ട്. ഇരുപതിലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്ളവരും ഈ റോഡ് ആശ്രയിക്കുന്നു.
13 വർഷം മുൻപാണ് ഒടുവിൽ ഈ റോഡ് നവീകരിച്ചത്. അതിനു ശേഷമുണ്ടായ 2 പ്രളയങ്ങളിലും മഴയിലുമാണ് റോഡ് തകർന്നത്. 13 കോടി രൂപയാണ് ബജറ്റിൽ എസ്റ്റിമേറ്റ് കണക്കായിട്ടുള്ളതെങ്കിലും ഈ പ്രവൃത്തിക്ക് 100 രൂപ ടോക്കൺ മാത്രമാണ് വകയിരുത്തിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. റോഡ് പൂർണമായി ഗതാഗത യോഗ്യമാക്കുന്നതിന് ആവശ്യമായ തുക അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.
റോഡ് നവീകരണം അനിവാര്യമാണെന്നും രണ്ട് റീച്ചുകളിലായി പൂർത്തിയാക്കുമെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസ് മറുപടി നൽകി.
ഒരു റീച്ചിന് 7 കോടി രൂപയുടെ എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടുണ്ട്. ഇത് ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണ്. മറ്റൊരു റീച്ചിന് 5 കോടി രൂപയുടെ എസ്റ്റിമേറ്റും സമർപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
