
Perinthalmanna Radio
Date: 15-02-2025
പെരിന്തൽമണ്ണ : സ്കൂട്ടർ തട്ടിപ്പിനിരയായവരുടെ പരാതിയിൽ കേസെടുക്കാൻ പെരിന്തൽമണ്ണ പോലീസ് തയ്യാറാകുന്നില്ലെന്ന് ആക്ഷേപം. ഓൺലൈനായി നൽകിയ പരാതിയിൽ അരക്കുപറമ്പ് സ്വദേശിനിയായ പരാതിക്കാരിയെ സ്റ്റേഷനിൽ വിളിപ്പിച്ച് മൊഴിയെടുത്തശേഷം പരാതി ക്ലോസ് ചെയ്തതായുള്ള സന്ദേശമാണ് കഴിഞ്ഞദിവസം ഇവർക്ക് ലഭിച്ചത്.
60,000 രൂപ സ്കൂട്ടറിനായി നൽകി വഞ്ചിക്കപ്പെട്ട സംഭവത്തിൽ ഫെബ്രുവരി 7-നാണ് ഇവർ പോലീസിന്റെ ഓൺലൈൻ പോർട്ടൽ വഴി താഴെക്കോട് കിസാൻ സർവീസ് സൈസൈറ്റിക്കെതിരേ പരാതി നൽകിയത്.
അന്നുതന്നെ പരാതി പെരിന്തൽമണ്ണ പോലീസിന് കൈമാറിയതായി ഓൺലൈൻ പോർട്ടലിൽനിന്ന് വിവരംലഭിച്ചിരുന്നു. എന്നാൽ പരാതിയിൽ എഫ്.ഐ.ആർ. രജിസ്റ്റർചെയ്യാതെ നീണ്ടുപോയതോടെ ഇവർ സ്റ്റേഷനിൽ ബന്ധപ്പെട്ടപ്പോൾ കൃത്യമായ മറുപടി ലഭിച്ചില്ല. നിരന്തരം ആവശ്യം ഉന്നയിച്ചതിനെത്തുടർന്ന് വ്യാഴാഴ്ച പരാതിക്കാരിയെ സ്റ്റേഷനിൽ വിളിപ്പിച്ച് മൊഴി രേഖപ്പെടുത്തിയെങ്കിലും വെള്ളിയാഴ്ച വൈകീട്ടോടെ പരാതി ക്ലോസ് ചെയ്തു എന്ന സന്ദേശം വരികയായിരുന്നു. പെരിന്തൽമണ്ണ പോലീസ്സ്റ്റേഷനിൽ നിന്ന് സംഭവത്തിൽ വ്യക്തത ലഭിക്കാതായതോടെ പരാതിക്കാരി ഡി.വൈ.എസ്.പി. ഓഫീസിൽ ബന്ധപ്പെട്ടു.
ഇതോടെ വീണ്ടും മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്യാനുള്ള നിർദ്ദേശം ഡി.വൈ.എസ്.പി. ഓഫീസിൽനിന്ന് പോലീസിന് നൽകിയിട്ടുണ്ടെന്നാണ് അറിയുന്നത്.
താഴെക്കോട് കിസാൻ സർവീസ് സൈസൈറ്റിക്കെതിരേ മറ്റൊരു യുവതി നൽകിയ പരാതിയിൽ എഫ്.ഐ.ആർ. ഇട്ട് കേസ് രജിസ്റ്റർ ചെയ്തതിനാലാണ് പുതിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യാതിരുന്നത് എന്നാണ് പെരിന്തൽമണ്ണ പോലീസിന്റെ വിശദീകരണം.
ആദ്യം രജിസ്റ്റർചെയ്ത പരാതിയിൽ പുതിയ പരാതിക്കാരെ കക്ഷി ചേർക്കാനാണ് ലഭിച്ചിട്ടുള്ള നിർദ്ദേശമെന്നും പെരിന്തൽമണ്ണ പോലീസ് പറയുന്നു.
ജില്ലയിൽ മറ്റു സ്റ്റേഷനുകളിൽ കേസുകൾ രജിസ്റ്റർചെയ്ത് പോലീസ് തുടർനടപടികളിലേക്ക് കടന്നിട്ടും പെരിന്തൽമണ്ണയിൽ തുടർനടപടികൾ ഉണ്ടാവുന്നില്ലെന്നും ആക്ഷേപമുയരുന്നുണ്ട്. ഓൺലൈനായല്ലാതെ നേരിട്ട് എഴുതിനൽകിയ പരാതിയിലും പോലീസ് കേസ് രജിസ്റ്റർ ചെയ്യാതിരിക്കുന്നതായി ആക്ഷേപമുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
