
Perinthalmanna Radio
Date: 15-03-2026
പെരിന്തൽമണ്ണ: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ വി.പി. മുഹമ്മദ് ഹനീഫ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായേക്കും. ദീർഘകാലമായി നില നിന്നിരുന്ന അനിശ്ചിതത്വങ്ങൾക്ക് ഒടുവിലാണ് പാർട്ടി പ്രവർത്തകർക്കിടയിൽ ഏറെ ജനകീയനായ ഹനീഫയുടെ പേര്പുറത്തു വരുന്നത്.
നിലവിൽ സി.പി.എം പെരിന്തൽമണ്ണ ഏരിയ സെന്റർ അംഗവും പെരിന്തൽമണ്ണ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ചെയർമാനുമാണ് 49-കാരനായ മുഹമ്മദ് ഹനീഫ. മുൻപ് മൂന്ന് തവണ പുലാമന്തോൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുള്ള ഇദ്ദേഹം, ഭരണരംഗത്തെ മികവ് തെളിയിച്ച വ്യക്തികൂടിയാണ്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചത് പാർട്ടിക്കുള്ളിലും പുറത്തും വലിയ വിമർശനങ്ങൾക്ക് വഴിതെളിച്ചിരുന്നു. എന്നാൽ ഇത്തവണ സജീവ പാർട്ടി പ്രവർത്തകനെ തന്നെ രംഗത്തിറക്കി മണ്ഡലം തിരിച്ചുപിടിക്കാനാണ് സി.പി.എം ലക്ഷ്യമിടുന്നത്. ഹനീഫയുടെ പേര് ഉയർന്നു വന്നതോടെ എൽ.ഡി.എഫ് ക്യാമ്പുകളിൽ വലിയ ആവേശമാണ് പ്രകടമാകുന്നത്.
പുലാമന്തോൾ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് നടപ്പിലാക്കിയ മാതൃകാപരമായ പ്രവർത്തനങ്ങൾ ഹനീഫയുടെ ജനപ്രീതി വർധിപ്പിച്ചു.
1990-ൽ കൊളത്തൂർ നാഷണൽ സ്കൂളിലെ എസ്.എഫ്.ഐ പ്രവർത്തനത്തിലൂടെയാണ് ഹനീഫ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. പിന്നീട് ഡി.വൈ.എഫ്.ഐ മങ്കട ബ്ലോക്ക് കമ്മിറ്റി ഭാരവാഹിയായും കുരുവമ്പലം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായും പ്രവർത്തിച്ചു. കർഷക കുടുംബത്തിൽ ജനിച്ച അദ്ദേഹം മികച്ചൊരു കർഷകൻ കൂടിയാണ്. പാലോളി മുഹമ്മദ് കുട്ടി, എ. വിജയരാഘവൻ തുടങ്ങിയ മുതിർന്ന നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന ഹനീഫയുടെ സ്ഥാനാർത്ഥിത്വം മണ്ഡലത്തിൽ ശക്തമായ പോരാട്ടത്തിന് വഴി ഒരുക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
