
Perinthalmanna Radio
Date: 15-04-2025
പെരിന്തൽമണ്ണ: വ്യാപാരികളിൽ നിന്നും പ്രവാസികളിൽ നിന്നും കോടികൾ സമാഹരിച്ച് പെരിന്തൽമണ്ണ നഗരസഭ 2019-ൽ നിർമാണം തുടങ്ങിയ മോഡേൺ ഇൻഡോർ മാർക്കറ്റ് അഞ്ച് വർഷം കഴിഞ്ഞപ്പോൾ കൊതുകു വളർത്തൽ കേന്ദ്രമായി. സമ്പൂർണ മാലിന്യമുക്ത പ്രഖ്യാപനം പാഴാക്കായ കാഴ്ചയാണ് മോഡേൺ മാർക്കറ്റും പരിസരവും നൽകുന്നത്. ട്രാഫിക് ജങ്ഷനിൽ നിന്ന് ഊട്ടി റോഡിലേക്കുള്ള വഴിയിൽ നിന്ന് പത്തോ ഇരുപതോ മീറ്റർ നടന്നാൽ പേരിൽ മാത്രം മോഡേൺ ആയ ഇൻഡോർ മാർക്കറ്റിലെത്താം.
മൂന്നു വർഷം മുൻപ് ഒന്നാം ഘട്ട നിർമാണം പൂർത്തിയാക്കിയ ഈ ബഹുനില മാർക്കറ്റ് സമുച്ചയത്തിൽ ചുരുക്കം കട മുറികളിൽ മാത്രമാണ് കച്ചവടം നടക്കുന്നത്. മാർക്കറ്റിലെ കോഴിക്കടയിൽ നിന്നുള്ള മാലിന്യം ഒഴുകുന്നതാവട്ടെ നേരെ മുറ്റത്തേക്കും. രൂക്ഷമായ ദുർഗന്ധവും കൊതുകും ഈച്ചയുമാണ് മാർക്കറ്റിലേക്ക് സ്വാഗതമോതുന്നത്. നഗരസഭയുടെ ആരോഗ്യ വിഭാഗം എത്ര മാത്രം അലസമായാണ് പ്രവർത്തിക്കുന്നതെന്ന് ജനങ്ങൾക്ക് തോന്നിപ്പോവും. രൂക്ഷ ഗന്ധത്തിൻറ ഒന്നാംഘട്ട പരീക്ഷണം മറികടന്ന് മുകളിലേക്ക് കയറിയാൽ പ്രേതാലയങ്ങളായി ഒഴിഞ്ഞു കിടക്കുന്ന കട മുറികളാണ് വരവേൽക്കുന്നത്.
30 കോടി രൂപ കടമെടുത്ത് നഗരസഭ രണ്ടാം ഘട്ട നിർമാണം തുടങ്ങിയിട്ടുണ്ട് എന്നാണ് വ്യാപാരികൾക്ക് ലഭ്യമായ വിവരം. 20 കോടിയുടെ ഒന്നാംഘട്ടം പൂർത്തിയായപ്പോൾ ഇതാണ് അവസ്ഥ എങ്കിൽ 30 കോടിയുടെ രണ്ടാം ഘട്ടം പൂർത്തിയാകുമ്പോൾ എന്താവും അവസ്ഥയെന്ന ആശങ്ക വ്യാപാരികൾക്കുണ്ട്.
ഞായറാഴ്ച ചന്ത മോഡേൺ മാർക്കറ്റായപ്പോൾ
വർഷങ്ങൾക്ക് മുൻപ് പെരിന്തൽമണ്ണയിലെ കച്ചവട കേന്ദ്രമായിരുന്നു ഇന്ന് മോഡേൺ ഇൻഡോർ മാർക്കറ്റ് നിൽക്കുന്നത് ഉൾപ്പെടെയുള്ള ഭാഗം. പലവ്യഞ്ജന, പച്ചക്കറി മൊത്ത, ചില്ലറ വ്യാപാരത്തിൻെറ കേന്ദ്രമായിരുന്നു. ഞായറാഴ്ച ചന്തയ്ക്ക് ഉൾപ്പെടെ പ്രസിദ്ധമായിരുന്ന ഇവിടം. മാർക്കറ്റിനോട് ചേർന്നു തന്നെയാണ് ബസ് സ്റ്റാൻഡും പ്രവർത്തിച്ചിരുന്നത്. ചെറു പട്ടണങ്ങളിൽ നിന്നുള്ള കച്ചവടക്കാർ ബസുകളിലെത്തി അവരുടെ കടകളിലേക്കുള്ള സാധനങ്ങൾ എല്ലാം വാങ്ങി ബസുകളിൽ തന്നെ മടങ്ങുന്ന രീതിയായിരുന്നു അന്ന്. 2019-ലാണ് ചന്തയെ ആധുനികമാക്കി മോഡേൺ ഇൻഡോർ മാർക്കറ്റ് നിർമിക്കുമെന്ന വാഗ്ദാനത്തോടെ നിർമാണം ആരംഭിച്ചത്. ഞായറാഴ്ച ചന്ത തന്നെ പിന്നീട് ഇല്ലാതായി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ