ജില്ലയില്‍ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു

Share to

Perinthalmanna Radio
Date: 15-08-2024

മലപ്പുറം: രാജ്യത്തെ സാമ്പത്തികമായും രാഷ്ട്രീയമായും അസ്ഥിരപ്പെടുത്താനുള്ള ആഭ്യന്തര- അന്താരാഷ്ട്ര ശക്തികളുടെ ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കണമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. ലോക രാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയുടെ യശ്ശസ്സ് ഉയർത്തിപ്പിടിക്കുന്ന, ചേരിചേരാ നയത്തില്‍ സ്ഥാപിത താത്പര്യങ്ങൾക്കുവേണ്ടി വെള്ളം ചേർക്കാൻ ഇടയാകരുതെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ നടന്ന ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ മതേതരത്വത്തിന്  ഒരു പോറലും ഏല്‍ക്കാതെ കാത്തുസൂക്ഷിക്കുക എന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണ്.  എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളുന്ന സര്‍വതല സ്പര്‍ശിയായ വികസനവും പുരോഗതിയും ലക്ഷ്യമിട്ടായിരിക്കണം നമ്മുടെ ഓരോ പ്രവര്‍ത്തനവും. സമൂഹത്തില്‍ ലഹരി ഉപയോഗം വ്യാപകമായി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ലഹരി വിമുക്ത ഇന്ത്യയ്ക്കായി ഓരോരുത്തരും അണി ചേരണം.
എല്ലാ ബഹു സ്വരതകളേയും കൂട്ടി നിർത്തിക്കൊണ്ടുള്ള ഐക്യമാണ് ഇന്ത്യയുടെ കൈമുതൽ. വിഭജനത്തിലുണ്ടായ ദുരന്തം നാം തിരിച്ചറിയണം. ഒരു വികാരത്തിന്റെ മുന്നിലും നാം വിഭജിക്കപ്പെട്ടു കൂടാ. പൗരന്റെ അവകാശങ്ങളെക്കുറിച്ച് പറയുമ്പോൾ തന്നെ അനിവാര്യമായ ചുമതലകളെ നാം വിസ്മരിക്കാനും പാടില്ല.
ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ഫെഡറൽ മൂല്യങ്ങൾ നമ്മുടെ സ്വപ്നങ്ങൾക്ക് നിറം പകരുന്നതാണ്. മുന്‍കാല നേതാക്കള്‍ കണ്ടെത്തിയ ഗ്രാമങ്ങളിലെ ഇന്ത്യയെ വീണ്ടെടുക്കാൻ നമ്മുടെ ഫെഡറൽ സംവിധാനം സുശക്തമായേ തീരൂ. സുശക്തമായ കേന്ദ്ര- സംസ്ഥാന ബന്ധങ്ങൾ രാജ്യത്തിന്റെ സർവ്വതോമുഖമായ വികസനത്തിനും വളർച്ചയ്ക്കും ആവശ്യമാണ്.
വയനാട്ടില്‍ ദുരന്തമുണ്ടായപ്പോള്‍ അവരുടെ അതിജീവനത്തിന് അഗ്നിപകർന്ന്, അവർക്കൊപ്പം നിന്ന് പുതിയൊരു ജീവതവും ജീവനോപാധികളും പടുത്തുയർത്തുന്നതിന് സംസ്ഥാന സർക്കാരിനൊപ്പം നാട്ടിലെ ജനതയൊന്നടങ്കം അണിചേരുന്ന കാഴ്ച ഏറെ ആവേശവും ആത്മവിശ്വാസവും പകരുന്നതാണ്. നാം ഒരു തോറ്റ ജനതയല്ല എന്ന് അത് നമ്മെ ഓർമ്മപ്പെടുത്തുന്നു. ദുരന്തത്തിന് മുമ്പ് ഉണ്ടായിരുന്ന മാനസിക-സാമൂഹ്യ-സാമ്പത്തിക- പാരിസ്ഥിതിക നിലവാരത്തിലേക്ക് അതേപടി എത്തുന്നതിന് വീണ്ടെടുപ്പിന്റെ കർമ്മ പദ്ധതികളുമായി നാം മുന്നോട്ടുപോവുകതന്നെ ചെയ്യും.
വികസനവും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ചു കൊണ്ടുപോകണമെന്നതാണ് സർക്കാർ നയം. പാരിസ്ഥിതിക പ്രതിസന്ധികൾ സൃഷ്ടിക്കാത്ത പ്രകൃതിക്ക് അനുയോജ്യമായ വികസന മാതൃകകൾ സൃഷ്ടിക്കാനാണ് സംസ്ഥാന സർക്കാർ പരിശ്രമിക്കുന്നത്. വയനാട്ടിലെ പുനർനിർമ്മിതിയിലും ഇതേ ലക്ഷ്യത്തോടെയാണ് നാം പദ്ധതികൾക്ക് രൂപംനൽകുന്നതെന്നും മന്ത്രി പറഞ്ഞു.

സിവില്‍ സ്റ്റേഷനിലെ യുദ്ധ സ്മാരകത്തില്‍ മന്ത്രി കെ. രാജന്‍ പുഷ്പ ചക്രം അര്‍പ്പിച്ചതോടെയാണ് ജില്ലയില്‍ സ്വാതന്ത്ര്യ ദിനാഘോഷ ചടുങ്ങുകള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് എം.എസ്.പി പരേഡ് ഗ്രൗണ്ടിലെത്തിയ മന്ത്രി പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചു.

പൊലീസ്, എക്‌സൈസ്, ഫോറസ്റ്റ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യു, എന്‍.സി.സി, എസ്.പി.സി, സകൗട്ട്, ഗൈഡ്‌സ്, ജൂനിയര്‍ റെഡ്‌ക്രോസ്സ് എന്നീ വിഭാഗങ്ങളിലായി 37 പ്ലറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു. എം.എസ്.പി അസി. കമാന്‍ഡന്റ് കെ. രാജേഷ് പരേഡ് കമാന്‍ഡറായി. ആംഡ് പൊലീസ് ഇന്‍സ്‌പെക്ടര്‍  പി. ബാബു സെക്കന്റ് ഇന്‍ കമാന്‍ഡായിരുന്നു. ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ്, ജില്ലാ പൊലീസ് മേധാവി എസ്. ശശിധരന്‍ എന്നിവരും പരേഡിനെ അഭിവാദ്യം ചെയ്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/LGNq30ypgbfIwG3hGCsoS1
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *