
Perinthalmanna Radio
Date: 15-08-2025
പെരിന്തൽമണ്ണ: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുന്നു. പെരിന്തൽമണ്ണയിൽ ഇന്നലെ രാത്രി തുടങ്ങിയ ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. നഗരത്തിന്റെ പരിസര പ്രദേശങ്ങളിലും ശക്തമായ മഴ തുടരുകയാണ്. സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ മഴ ലഭിക്കുമെന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
നാളെ വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന ദുരന്തമാണ് ശക്തമായ കാറ്റ്. മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടില്ലെന്ന് കലാവസ്ഥ വകുപ്പ് അറിയിച്ചു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
