
Perinthalmanna Radio
Date: 15-09-2024
അങ്ങാടിപ്പുറം : കോഴിക്കോട്- പാലക്കാട് ദേശീയ പാതയിൽ അങ്ങാടിപ്പുറത്ത് ഗതാഗത കുരുക്കിനിടയിൽ ദിശതെറ്റിച്ച് മുന്നോട്ടെടുത്ത ബസ് ട്രാഫിക് പോലീസ് വാഹന നിരകളുടെ ഏറ്റവും പിന്നിലേക്ക് മാറ്റിച്ചു. എതിർ വശത്തു നിന്ന് വരുന്ന വാഹനങ്ങൾക്ക് പോകാൻ കഴിയാത്ത വിധത്തിൽ സ്വകാര്യ ബസ് ദിശതെറ്റി മുന്നോട്ടു കയറിവന്നത് കണ്ട പോലീസാണ് ബസിനെ പിന്നോട്ടെടുപ്പിച്ചത്.
നിരയുടെ അവസാനം ജൂബിലി റോഡ് എത്തുന്നതു വരെ ബസ് പിന്നോട്ട് നീക്കിച്ചു. ദേശീയപാതയിൽ ട്രാഫിക് പോലീസിന്റെ കണ്ണുവെട്ടിച്ച് ഇത്തരത്തിലുള്ള നുഴഞ്ഞുകയറ്റം പതിവായിരിക്കുകയാണ്.
ട്രാഫിക് പോലീസ് ഇല്ലാത്ത സമയത്താണ് കൂടുതലായും ഇങ്ങനെ വാഹനങ്ങൾ ദിശതെറ്റിച്ച് മുന്നോട്ടെടുക്കുന്നത്.
ഓണം അടുത്തതോടെ ഒരാഴ്ചയോളമായി അങ്ങാടിപ്പുറത്ത് ഗതാഗതകുരുക്കും അതിരൂക്ഷമാണ്. പെരിന്തൽമണ്ണയിൽനിന്ന് അങ്ങാടിപ്പുറം എത്തണമെങ്കിൽപ്പോലും മണിക്കൂറുകളെടുക്കും.
പെരിന്തൽമണ്ണ ജൂബിലി ജങ്ഷനിൽ നിന്ന് അങ്ങാടിപ്പുറം റെയിൽവേ മേൽപ്പാലം വരെ റോഡിന് നടുവിൽ ഡിവൈഡറുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയ്ക്കിടയിലെ വിടവുകളിലൂടെ വാഹനങ്ങൾ ദിശതെറ്റിക്കയറി വരുന്നത് പതിവാണ്.
ഇത് വൻ അപകട സാധ്യതയാണുണ്ടാക്കുന്നത്. മുൻപും ദിശതെറ്റിച്ച് മുന്നോട്ടുകയറിയ വാഹനങ്ങൾക്കെതിരേ പോലീസ് നടപടിയെടുത്തിരുന്നു. ഇത്തരം വാഹനങ്ങൾക്ക് എതിരേ കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
