
Perinthalmanna Radio
Date: 15-10-2024
മലപ്പുറം: ഭൂമി തരം മാറ്റുന്നതിനായി സംസ്ഥാനത്തെ വിവിധ ഓഫിസുകളിൽ കെട്ടിക്കിടക്കുന്നത് 2.88 ലക്ഷം അപേക്ഷകളെന്ന് നിയമസഭാ രേഖ. ഇതുവരെ ലഭിച്ച 7.17 ലക്ഷത്തോളം അപേക്ഷകളിൽ 4.29 ലക്ഷം അപേക്ഷകൾ തീർപ്പാക്കിയെന്നു മന്ത്രി കെ.രാജൻ സഭയിൽ മലപ്പുറം ജില്ലയിലെ എംഎൽഎമാർക്ക് നൽകിയ മറുപടിയിൽ പറയുന്നു. കെട്ടിക്കിടക്കുന്ന അപേക്ഷകൾ തീർപ്പാക്കാനായി ഒക്ടോബർ 25 മുതൽ നവംബർ 15 വരെ സംസ്ഥാനത്ത് താലൂക്ക്തല അദാലത്തുകൾ സംഘടിപ്പിക്കും.
സെപ്റ്റംബർ 30 വരെയുള്ള കണക്കുകളാണിത്. നേരിട്ടു ലഭിച്ചതിനേക്കാൾ ഇരട്ടിയിലേറെ അപേക്ഷകളാണ് ഓൺലൈനായി ലഭിച്ചത്. 2022 ജനുവരി 9 വരെ ഓഫ്‌ലൈനായി ലഭിച്ചത് 2,26,901 അപേക്ഷകൾ. അപേക്ഷകൾ ഓൺലൈനാക്കിയപ്പോൾ അതിനു ശേഷം ലഭിച്ചത് 4,90,044 എണ്ണം. ഓഫ്‌ലൈൻ അപേക്ഷകളിൽ 2,23,254 എണ്ണവും ഓൺലൈൻ അപേക്ഷകളിൽ 2,05,535 എണ്ണവും തീർപ്പാക്കി.
ഓഫ്‌ലൈൻ അപേക്ഷകളിൽ ഇനി തീർപ്പാക്കാനുള്ളത് 3647 എണ്ണം മാത്രമാണ്. അതേസമയം 2,84,509 ഓൺലൈൻ അപേക്ഷകൾ തീർപ്പാക്കേണ്ടതുണ്ട്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അപേക്ഷകൾ തീർപ്പാക്കാനുള്ളത് എറണാകുളം ജില്ലയിൽ. 58,164 ഓൺലൈൻ അപേക്ഷകളും 1913 ഓഫ്‌ലൈൻ അപേക്ഷകളുമാണ് ഇവിടെ തീർപ്പാക്കാനുള്ളതെന്ന് യു.എ.ലത്തീഫിന് നൽകിയ മറ്റൊരു മറുപടിയിൽ മന്ത്രി വ്യക്തമാക്കി. ഇടുക്കിയിലാണ് ഏറ്റവും കുറവ്– 3310. ഒറ്റ ഓഫ്‌ലൈൻ അപേക്ഷകളും പരിഗണിക്കാനില്ലാത്ത ഏക ജില്ല കൂടിയാണ് ഇടുക്കി.
ഭൂമി തരം മാറ്റുന്നതിനായി ഫോം 6ൽ നൽകിയ അപേക്ഷകളും 1998ന് മുൻപ് തരം മാറ്റിയിട്ടും ഡേറ്റാബാങ്കിൽ രേഖപ്പെടുത്താതെ പോയവ പരിഹരിക്കുന്നതിനായി ഫോം 5ൽ നൽകിയ അപേക്ഷകളുമാണ് താലൂക്ക്തല അദാലത്തിൽ പരിഗണിക്കുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
