
Perinthalmanna Radio
Date: 15-12-2023
മേലാറ്റൂർ : നിലമ്പൂർ- ഷൊർണൂർ പാത വൈദ്യുതീകരണത്തിന്റെ ഭാഗായി മേലാറ്റൂർ റെയിൽവേ സ്റ്റേഷനോട് ചേർന്ന് ട്രാക്ഷൻ സബ് സ്റ്റേഷൻ നിർമാണം തുടങ്ങി. റെയിൽവേ സ്റ്റേഷന് വടക്കുഭാഗത്ത് പുതിയ പ്ലാറ്റ്ഫോമിനു പിറകിലായാണ് സബ് സ്റ്റേഷൻ നിർമിക്കുന്നത്.
ത്രിമൂർത്തി കമ്പനിക്കാണ് ഇതിന്റെ ചുമതല. മേലാറ്റൂർ ചോലക്കുളത്തെ 110 കെ.വി. സബ് സ്റ്റേഷനിൽനിന്നാണ് ട്രാക്ഷൻ സബ് സ്റ്റേഷനിലേക്ക് വൈദ്യുതിയെത്തിക്കുക. വൈദ്യുതി സ്വിച്ചിങ് സ്റ്റേഷനുകൾ വാണിയമ്പലത്തും അങ്ങാടിപ്പുറത്തും വാടാനാംകുറുശ്ശിയിലും ഒരുക്കും. നിലമ്പൂരിൽനിന്ന് ഷൊർണൂർ വരെ 67 കിലോമീറ്റർ ദൂരത്തിലാണ് പാത വൈദ്യുതീകരിക്കുന്നത്.
1200 വൈദ്യുതിത്തൂണുകളാണ് ഇതിനായി സ്ഥാപിക്കേണ്ടത്. അതിൽ ഷൊർണൂരിൽനിന്ന് അങ്ങാടിപ്പുറം വരെയുള്ള ഭാഗത്ത് 590 വൈദ്യുതിത്തൂണുകൾ നാട്ടിക്കഴിഞ്ഞു. ശേഷിക്കുന്ന നിലമ്പൂർ വരെയുള്ള ഭാഗത്തേക്ക് വൈദ്യുതിത്തൂൺ സ്ഥാപിക്കൽ നടക്കുകയാണ്. എൽ ആൻഡ് ടി കമ്പനിക്കാണ് ഇതിന്റെ ചുമതല. മാർച്ചിനുള്ളിൽ പണി പൂർത്തിയാക്കി വൈദ്യുതിലൈൻ വലിക്കും. സബ് സ്റ്റേഷന്റെ പണി പൂർത്തിയായാലുടൻ വൈദ്യുതിയെത്തിച്ച് പാത വൈദ്യുതീകരിക്കും.
നിലവിൽ ഒരു മണിക്കൂർ മുപ്പത്തിയഞ്ച് മിനിറ്റാണ് നിലമ്പൂരിൽ നിന്ന് ഷൊർണൂരിലേക്ക് തീവണ്ടി ഓടി എത്താനെടുക്കുന്ന സമയം. വൈദ്യുതീകരണം പൂർത്തിയായി ഇലക്ട്രിക് ട്രെയിൻ വരുന്നതോടെ ഈ സമയം ഒരു മണിക്കൂർ പത്ത് മിനിറ്റായി കുറയും. ഒപ്പം റെയിൽവേയ്ക്ക് മുപ്പത് ശതമാനത്തേളം ചെലവും കുറയും. വൈദ്യുതീകരണം പൂർത്തിയായാൽ മെമു ഉൾപ്പെടെയുള്ള കൂടുതൽ തീവണ്ടി സർവീസുകളും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
