ഡിജെ ഇല്ലാത്തത് പ്രവർത്തകർ പ്രകോപിതരായി; യുഡിഎഫിന്റെ ആഹ്ലാദപ്രകടനം മാറ്റി

Share to


Perinthalmanna Radio
Date: 15-12-2025

പെരിന്തൽമണ്ണ:  നഗരസഭയിൽ നേടിയ സമാനതകളില്ലാത്ത വിജയം ആഘോഷിക്കുന്നതിന്റെ ഭാഗമായി നട‌ത്തുന്ന ആഹ്ലാദ പ്രകടനത്തിന് ഡിജെ സംഘം നിർബന്ധമായും വേണമെന്ന് പ്രവർത്തകർ വാശി പിടിച്ചതിനെ തുടർന്ന് പെരിന്തൽമണ്ണയിൽ യുഡിഎഫ് ആഹ്ലാദ പ്രകടനം തുടക്കത്തിൽതന്നെ അവസാനിപ്പിച്ചു. ഇന്നലെ വൈകിട്ട് നഗരസഭാ ഓഫിസ് പരിസരത്തുനിന്ന് പ്രകടനം ആരംഭിച്ച് നഗരം ചുറ്റി ടൗൺ സ്‌ക്വയറിൽ അവസാനിപ്പിക്കാനാണ് തീരുമാനിച്ചിരുന്നത്. സ്‌ത്രീകൾ ഉൾപ്പെടെ ഒട്ടേറെപ്പേർ പ്രകടനത്തിന് എത്തിയിരുന്നു. ടിജെ സംഘത്തെ ഏൽപ്പിച്ചിരുന്നതായി തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായ പച്ചീരി ഫാറൂഖും എം.എം.സക്കീർ ഹുസൈനും പറഞ്ഞു. എന്നാൽ അവസാന നിമിഷത്തിൽ ഇവർക്ക് വരാനാകില്ലെന്ന് അറിയിച്ച് കാലുമാറി.

ഇതോടെ നിശ്ചയിച്ച പ്രകടനം ന‌ടത്താനും ടിജെ പാർട്ടി ഉൾപ്പെടെയുള്ള സംവിധാനങ്ങളോടെ പിന്നീട് നടത്താനും തീരുമാനിച്ച് പ്രകടനം ആരംഭിച്ചു. മുൻമന്ത്രി നാലകത്ത് സൂപ്പി, കെപിസിസി ജന. സെക്രട്ടറി വി.ബാബുരാജ്, മുസ്‌ലിം ലീഗ് ജില്ലാ സെക്ര‌ട്ടറി ഉസ്‌മാൻ താമരത്ത്, എം.എം.സക്കീർ ഹുസൈൻ, അരഞ്ഞിക്കൽ ആനന്ദൻ, പച്ചീരി ഫാറൂഖ്, കൊളക്കാടൻ അസീസ്, മാനുപ്പ കുറ്റീരി തുടങ്ങിയ നേതാക്കളെല്ലാം മുൻനിരയിലുണ്ടായിരുന്നു. തൊട്ടു മുന്നിലായി മുഴുവൻ സ്ഥാനാർഥികളെയും മാലയിട്ട് അണിനിരത്തിയിരുന്നു. അൽപദൂരം മുന്നോട്ടു പോയപ്പോഴേക്കും മുന്നിലുള്ള അനൗൺസ്മെന്റ് വാഹനം ഒരു കൂട്ടം പ്രവർത്തകരെത്തി തടയുകയായിരുന്നു. ടിജെ പാർട്ടിയോ നാസിക് ഡോളോ ഒന്നുമില്ലാതെ ആഹ്ലാദ പ്രകടനം നടത്താൻ പറ്റില്ലെന്ന് വാശി പിടിച്ചു.

അതു കൊണ്ടുവന്നിട്ട് നടത്തിയാൽ മതിയെന്നായി. ഇതിനിടെ ജനറേറ്റർ ഓഫാക്കുകയും ചെയ്‌തു. തുടർന്ന് പ്രവർത്തകരുടെ വികാരത്തിന് നേതൃത്വം വഴങ്ങി. പ്രകടനം തൽക്കാലം അവസാനിപ്പിക്കുകയായിരുന്നു. അടുത്ത ദിവസം ടിജെ പാർട്ടി ഉൾപ്പെടെയുള്ള സൗകര്യങ്ങളുമായി ആഹ്ലാദ പ്രകടനം കൂ‌ടുതൽ വിപുലമായി നടത്തുമെന്ന് നേതാക്കൾ അറിയിച്ചു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *