
Perinthalmanna Radio
Date: 16-01-2026
പെരിന്തൽമണ്ണ: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.ടി. ജലീൽ തവനൂർ മണ്ഡലത്തിൽ നിന്നും മത്സരിക്കില്ലെന്ന് റിപ്പോർട്ട്. ജലീലിനെ ഇത്തവണ പെരിന്തൽമണ്ണയിൽ മത്സരിപ്പിക്കാനാണ് സിപിഐഎം ആലോചിക്കുന്നത്. തവനൂരിൽ യുവനേതാവ് വി.പി. സാനുവിനെ എൽഡിഎഫ് സ്ഥാനാർത്ഥിയാക്കാനാണ് സാധ്യത.
തദ്ദേശ തിരഞ്ഞെടുപ്പിൽ തവനൂർ മണ്ഡലത്തിൽ യുഡിഎഫ് വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്. മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളും ഭരിക്കുന്നത് യുഡിഎഫ് ആണ്. കൂടാതെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും മണ്ഡലത്തിൽ യുഡിഎഫ് വ്യക്തമായ ലീഡ് നേടിയിരുന്നു. ഈ സാഹചര്യത്തിൽ വി.പി. സാനുവിനെപ്പോലൊരു യുവനേതാവിനെ ഇറക്കുന്നത് ഗുണകരമാകുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. കഴിഞ്ഞ തവണ ഫിറോസ് കുന്നുംപറമ്പിലിനെതിരെ ജലീൽ വിജയിച്ചെങ്കിലും ഭൂരിപക്ഷം കുറവായിരുന്നു.
അതേസമയം, ശക്തമായ മത്സരത്തിലൂടെ കഴിഞ്ഞ തവണ നഷ്ടമായ പെരിന്തൽമണ്ണ മണ്ഡലം ജലീലിലൂടെ തിരിച്ചു പിടിക്കാനാണ് സിപിഐഎം ലക്ഷ്യമിടുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കേവലം 38 വോട്ടുകൾക്കാണ് എൽഡിഎഫിന് ഇവിടെ പരാജയം സംഭവിച്ചത്. നജീബ് കാന്തപുരമായിരുന്നു വിജയി. എന്നാൽ ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണ നഗരസഭയടക്കം യുഡിഎഫ് പിടിച്ചെടുത്തിരുന്നു. നഗരസഭയ്ക്ക് പുറമെ മണ്ഡലത്തിലെ ഭൂരിഭാഗം പഞ്ചായത്തുകളും യുഡിഎഫിന്റെ കൈവശമാണ്. എങ്കിലും ജലീലിനെ ഇറക്കി ശക്തമായ പോരാട്ടത്തിലൂടെ മണ്ഡലം തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
