
Perinthalmanna Radio
Date: 16-01-2026
പെരിന്തൽമണ്ണ: രാമചാടി – അലിഗഡ് കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ് ലൈനിൽ ഉണ്ടായ തകരാറിനെ തുടർന്ന് ആനമങ്ങാട് പുന്നക്കോട് ഭാഗത്ത് റോഡ് തകർന്ന സംഭവത്തിൽ പരിഹാര നടപടികൾ അതി വേഗത്തിലാക്കി. വ്യാഴാഴ്ച വൈകുന്നേരമുണ്ടായ അപകടത്തിന് പിന്നാലെ, വെള്ളിയാഴ്ച രാവിലെ തന്നെ ജല അതോറിറ്റിയുടെ നേതൃത്വത്തിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചു.
ചേലാമലയിലെ ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്നും പെരിന്തൽമണ്ണയിലെ ജലസംഭരണിയിലേക്ക് വെള്ളമെത്തിക്കുന്ന പ്രധാന പൈപ്പിന്റെ ജോയിന്റ് വേർപെട്ടതാണ് അപകടത്തിന് കാരണമായത്. വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിയോടെ അതിശക്തമായ രീതിയിൽ വെള്ളം കുത്തിയൊലിച്ചതോടെ നവീകരിച്ച ആനമങ്ങാട് – മണലായ – മുതുകുർശി റോഡിന്റെ ഒരു ഭാഗം പൂർണ്ണമായും ഒലിച്ചു പോവുകയും റോഡിൽ വലിയ ഗർത്തം രൂപപ്പെടുകയും ചെയ്തു.
വെള്ളിയാഴ്ച രാവിലെ മുതൽ ജെ.സി.ബി ഉപയോഗിച്ച് ആഴത്തിൽ മണ്ണ് നീക്കം ചെയ്തു കൊണ്ടുള്ള പണികളാണ് നടക്കുന്നത്. വേർപെട്ട പൈപ്പുകൾ കൃത്യമായി ബന്ധിപ്പിക്കുന്നത് സങ്കീർണ്ണമായ പ്രക്രിയയാണെങ്കിലും ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്ത് പണികൾക്ക് നേതൃത്വം നൽകുന്നുണ്ട്.
പൈപ്പ് ലൈനിലെ തകരാർ പരിഹരിച്ചാലുടൻ പെരിന്തൽമണ്ണ നഗരസഭയിലേക്കും പരിസര പ്രദേശങ്ങളിലേക്കുമുള്ള ജലവിതരണം പുനഃസ്ഥാപിക്കും. റോഡിലെ ഗർത്തം അടച്ച് ഗതാഗത യോഗ്യമാക്കുന്നതിന് പൊതു മരാമത്ത് വകുപ്പും ജല അതോറിറ്റിയും സംയുക്തമായാണ് പ്രവർത്തിക്കുന്നത്. നിലവിൽ ഈ റൂട്ടിൽ ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
നജീബ് കാന്തപുരം എം.എൽ.എ ഉൾപ്പെടെയുള്ള ജന പ്രതിനിധികളും ജല അതോറിറ്റി, പൊതു മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചിരുന്നു. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിച്ച് എത്രയും വേഗം പണികൾ തീർക്കാൻ എം.എൽ.എ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
