
Perinthalmanna Radio
Date: 16-02-2025
അങ്ങാടിപ്പുറം: ഷൊർണൂർ – നിലമ്പൂർ പാതയിൽ എറണാകുളം- ഷൊർണൂർ മെമു ട്രെയിൻ പരീക്ഷണാർഥം ട്രയൽ റൺ നടത്തി.
രാത്രി ഷൊർണൂർ നിന്ന് 8.10നുള്ള 56613 നിലമ്പൂർ പാസഞ്ചറിന് പകരമായാണ് മെമു ഓടിച്ചുള്ള ട്രയൽ റൺ. ഇന്നു രാവിലെ 5.30ന് 56612 ട്രെയിനായി ഷൊർണൂരിലേക്കു തിരിച്ചു പോയി. ഷൊർണൂരിൽ നിന്ന് 8.40ന് പുറപ്പെട്ട മെമു 10ന് നിലമ്പൂരിലെത്തി. നിലമ്പൂർ – മൈസൂരു റെയിൽവേ ആക്ഷൻ കൗൺസിൽ ഭാരവാഹികളായ ഡോ. ബിജു നൈനാൻ, ജോഷ്വാ കോശി, ജോബിൻ ജോസ്, അനസ് യൂണിയൻ, ജോർജ് വർഗീസ്, യു.നരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ ട്രെയിനിനു സ്വീകരണം നൽകി.
കോവൈ – ഷൊർണൂർ, എറണാകുളം- ഷൊർണൂർ മെമു സർവീസുകൾ നിലമ്പൂരിലേക്കു നീട്ടണമെന്നു കൗൺസിൽ ഉൾപ്പെടെയുള്ള പാസഞ്ചേഴ്സ് അസോസിയേഷനുകളുടെ ദീർഘകാല ആവശ്യമാണ്.
ഷൊർണൂരിൽ നിന്ന് നിന്നു നിലമ്പൂരിലേക്കു രാത്രി അവസാന സർവീസ് 8.10നാണ്. എറണാകുളം- ഷൊർണൂർ മെമു, ജനശതാബ്ദി, ആലപ്പുഴ-കണ്ണൂർ എക്സ്പ്രസ് ട്രെയിനുകളിലെ യാത്രക്കാർക്കു നേരിയ സമയവ്യത്യാസത്തിൽ നിലമ്പൂരിലേക്ക് കണക്ഷൻ ട്രെയിൻ കിട്ടാത്ത സ്ഥിതിയായിരുന്നു.
ഇതിനാണ് എറണാകുളം- ഷൊർണൂർ മെമു നിലമ്പൂരിലേക്കു നീട്ടുന്നതോടെ പരിഹാരമാകുന്നത്. കോവൈയിൽ നിന്നു 10നു പുറപ്പെട്ട് 11.50ന് ഷൊർണൂരിലെത്തുന്ന മെമു നിലമ്പൂരിലേക്കു നീട്ടണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് നിവേദനം നൽകിയിട്ടുണ്ട്. ഇത് അംഗീകരിച്ചാൽ ഷൊർണൂർ – നിലമ്പൂർ പാതയിൽ ഉച്ചയ്ക്കു ട്രെയിൻ സർവീസ് ഇല്ലാത്തതിനു പരിഹാരമാകും. കോവൈ – ഷൊർണൂർ മെമു 1.05നു നിലമ്പൂരിലെത്തി 1.15നു മടങ്ങിയാൽ പതിവുപോലെ മൂന്നിനു ഷൊർണൂരിൽ നിന്നു കോവൈയ്ക്ക് തിരിക്കാം.
വൈകാതെ എറണാകുളം-നിലമ്പൂർ മെമു പാതയിൽ സർവീസ് തുടങ്ങുമെന്നാണു പ്രതീക്ഷ. ഡിവിഷനൽ ഓപ്പറേറ്റിങ് മാനേജർ ഗോപു ഉണ്ണിത്താൻ അസിസ്റ്റന്റ് മാനേജർ അറുമുഖം എന്നിവർ ട്രയൽ റൺ നിരീക്ഷണത്തിനുണ്ടായിരുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
