പെരിന്തൽമണ്ണയിലെ വെള്ളക്കെട്ടും തൊണ്ടി വാഹനങ്ങളും നീക്കം ചെയ്യാൻ ബാലാവകാശ കമ്മീഷൻ ഉത്തരവ്

Share to


Perinthalmanna Radio
Date: 16-02-2026

പെരിന്തൽമണ്ണ: നഗരത്തിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ ആശ്രയിക്കുന്ന റോഡിനോട്‌ ചേർന്നുള്ള ഡിവൈഎസ്പി ഓഫീസ് കോമ്പൗണ്ടിലെ തൊണ്ടി വാഹനങ്ങൾ നീക്കം ചെയ്യാനും റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാനും സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടു. സ്കൂൾ കുട്ടികളുടെ സുരക്ഷിത യാത്രയ്ക്ക് തടസ്സമാകുന്ന സാഹചര്യങ്ങൾ അടിയന്തരമായി ഒഴിവാക്കാനാണ് കമ്മീഷന്റെ നിർദ്ദേശം.

നാട്ടൊരുമ പൗരാവകാശ സമിതി സംസ്ഥാന സെക്രട്ടറി സഹീർ ചിങ്ങത്ത് നൽകിയ പരാതിയിലാണ് കമ്മീഷന്റെ ഈ നടപടി. പെരിന്തൽമണ്ണ ഡിവൈഎസ്പി ഓഫീസ് പ്രവർത്തിക്കുന്ന കോമ്പൗണ്ട് കാടുമൂടി ഇഴ ജന്തുക്കളുടെ താവളമായതായും, ഇവിടെ കൂട്ടിയിട്ടിരിക്കുന്ന വാഹനങ്ങളിൽ വെള്ളം കെട്ടിനിന്ന് കൊതുകുകൾ പെറ്റുപെരുകുന്നതായും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കൂടാതെ, റോഡിനോട് ചേർന്നുള്ള മതിൽക്കെട്ട് തകർന്നു വീഴാറായ അവസ്ഥയിലാണെന്നും ഇത് വലിയ അപകടഭീഷണി ഉയർത്തുന്നുണ്ടെന്നും പരാതിക്കാരൻ ബോധിപ്പിച്ചു.

വിചാരണാ ഘട്ടത്തിലുള്ള കേസുകളിൽ ഉൾപ്പെട്ട തൊണ്ടിമുതൽ വാഹനങ്ങൾ നീക്കം ചെയ്യുന്നതിന് ബന്ധപ്പെട്ട കോടതികളുമായി ചേർന്ന് നടപടികൾ സ്വീകരിച്ചു വരികയാണെന്ന് പോലീസ് കമ്മീഷനെ അറിയിച്ചു. ഓഫീസ് കെട്ടിടങ്ങളുടെയും മതിൽക്കെട്ടിന്റെയും അറ്റകുറ്റപ്പണികൾക്കായി പി.ഡബ്ല്യു.ഡി (PWD), കെ.പി.എച്ച്.സി.എസ് (KPHCS) എന്നീ വകുപ്പുകൾക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു.

ഹൗസിംഗ് കോളനി റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാൻ 2023-24 വർഷത്തിൽ 7 ലക്ഷം രൂപ വകയിരുത്തി ഡ്രൈനേജ് നവീകരണം നടത്തിയതായി നഗരസഭാ സെക്രട്ടറി റിപ്പോർട്ട് നൽകി. എന്നാൽ, പ്രദേശത്തെ വെള്ളക്കെട്ട് പൂർണ്ണമായി ഒഴിവാക്കാൻ സമഗ്രമായ ഡ്രൈനേജ് സംവിധാനം ആവശ്യമാണെന്നും ഇതിന് ഏകദേശം 70 ലക്ഷം രൂപ ചെലവ് വരുമെന്നും നഗരസഭ വ്യക്തമാക്കി. സർക്കാർ സ്പെഷ്യൽ ഫണ്ട് അനുവദിച്ചാൽ മാത്രമേ ഈ പദ്ധതി നടപ്പിലാക്കാൻ സാധിക്കൂ എന്നും അധികൃതർ അറിയിച്ചു.

പരാതിയിൽ സൂചിപ്പിച്ച വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാൻ ആവശ്യമായ നടപടികൾ നഗരസഭയുടെ അടുത്ത വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും കമ്മീഷൻ ഉത്തരവിട്ടു. സ്കൂൾ പരിസരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങളും പാമ്പ് ശല്യവും വിദ്യാർത്ഥികളിൽ ഭീതിയുണ്ടാക്കുന്ന സാഹചര്യത്തിൽ എത്രയും വേഗം ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *