4000 റേഷൻകടകൾ പൂട്ടാനുള്ള തീരുമാനം; ജില്ലയിലെ റേഷൻ കടകളെ ബാധിച്ചേക്കില്ല

Share to

Perinthalmanna Radio
Date: 16-03-2025

മലപ്പുറം: റേഷൻ കടകൾ ലാഭത്തിലാക്കാനുള്ള നടപടിയുടെ ഭാഗമായി നാലായിരത്തോളം റേഷൻ കടകൾ പൂട്ടണമെന്ന റിപ്പോർട്ടിൽ ജില്ലയിലെ റേഷൻ രംഗത്തും ആശങ്ക. വിദഗ്ധ സമിതി നൽകിയ റിപ്പോർട്ടിലെ മാനദണ്ഡപ്രകാരം ജില്ലയിൽ മിക്ക റേഷൻ കടകളെയും ഇതു ബാധിക്കില്ല. ജില്ലയിലാകെ 1,235 റേഷൻ കടകളാണുള്ളത്. ഇതിൽ 45 ക്വിന്റലിനു താഴെ വിൽപന നടത്തുന്നതു 10 ശതമാനത്തിൽ താഴെ മാത്രമാണെന്നു വ്യാപാരികൾ പറയുന്നു. അതേസമയം, ഇ പോസ് സംവിധാനം നടപ്പിലാക്കിയ ശേഷം നഷ്ടത്തിലായതിനാൽ 4 വർഷത്തിനിടെ 20ലേറെ കടകൾ ജില്ലയിൽ പൂട്ടിയിട്ടുണ്ട്. ഒരു കട പോലും പൂട്ടാൻ അനുവദിക്കില്ലെന്നും മറ്റു കാര്യങ്ങൾ സർക്കാരുമായി ചർച്ച ചെയ്യാൻ തയാറാണെന്നുമാണു റേഷൻവിതരണ സംഘടനകളുടെ നിലപാട്.

റേഷൻകടകൾ ലാഭത്തിലാക്കുന്നതിനായാണു കടകളുടെ എണ്ണം കുറയ്ക്കണമെന്ന നിർദേശം സർക്കാർ സമിതി സമർപ്പിച്ചത്. ഒരു കടയിൽ 800 കാർഡുകൾ വരുന്ന രീതിയിൽ റേഷൻ കടകളെ പുനഃക്രമീകരിക്കണമെന്നാണു നിർദേശം. ഏതു കടയിൽ നിന്നും റേഷൻ വാങ്ങാവുന്ന പോർട്ടബിലിറ്റി രീതി വന്നതോടെ പല കടകളിലും വിൽപന കുറഞ്ഞു. ഇതു പരിഹരിക്കുന്നതിന്റെ ഭാഗമായാണ്, 800 കാർഡുകളെങ്കിലും ഒരു റേഷൻ കടയുടെ പരിധിയിൽ വരുന്ന രീതിയിൽ ക്രമീകരിക്കാനുള്ള ശുപാർശ.

മലപ്പുറത്ത് ഭൂരിഭാഗം കടകളിലും മോശമല്ലാത്ത രീതിയിൽ റേഷൻവിതരണം നടക്കുന്നുണ്ട്. തീരെ മോശം അവസ്ഥതയിലുള്ളതു 10 ശതമാനത്തിൽ താഴെ കടകൾ മാത്രമാണ്. തെക്കൻ ജില്ലകളെ അപേക്ഷിച്ച് റേഷൻ കടകളുടെ എണ്ണം ജില്ലയിൽ കുറവായതാണു ഇതിനു കാരണം. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തും ഇതേ നിർദേശം ഉയർന്നുവന്നെങ്കിലും പ്രതിഷേധം കാരണം നടപ്പായില്ലെന്നു വ്യാപാരി സംഘടനകൾ പറയുന്നു. നിലവിൽ പ്രവർത്തിക്കുന്ന കടകൾ പൂട്ടിക്കൊണ്ടുള്ള പരിഹാരത്തിനു ശ്രമിച്ചാൽ ശക്തമായ പ്രതിഷേധം നേരിടേണ്ടിവരുമെന്നാണു റേഷൻ മേഖലയിലെ സംഘടനകളുടെ മുന്നറിയിപ്പ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *