
Perinthalmanna Radio
Date: 16-03-2025
അങ്ങാടിപ്പുറം : തിരുമാന്ധാംകുന്ന് പൂരാഘോഷത്തിന് ഏപ്രിൽ മൂന്നിന് തുടക്കമാകും. പതിനൊന്നു ദിവസങ്ങളിലായി നടക്കുന്ന പൂരത്തിനു മുൻപായുള്ള ദ്രവ്യകലശം മാർച്ച് 25-ന് തുടങ്ങും. ഏപ്രിൽ 13-നാണ് 11-ാം പൂരം.
ഏപ്രിൽ മൂന്നിനു രാവിലെയാണ് പൂരംപുറപ്പാട്. ആദ്യ ആറാട്ടിനുശേഷമുള്ള മടക്കത്തിന് കല്ലൂർ ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിൽ പഞ്ചാരിമേളം, ഓട്ടൻതുള്ളൽ, ഇരട്ടത്തായമ്പക എന്നിവയുണ്ടാകും. നാലിന് വൈകീട്ട് 5.30-ന് ശ്രീശൈലം ഓഡിറ്റോറിയത്തിൽ നടക്കുന്ന സാംസ്കാരികസമ്മേളനം വനംമന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനംചെയ്യും. മലബാർ ദേവസ്വം ബോർഡ് കമ്മിഷണർ ടി.സി. ബിജു വിശിഷ്ടാതിഥിയാകും. സാംസ്കാരിക സമ്മേളനത്തിൽ ഈ വർഷത്തെ മാന്ധാദ്രി പുരസ്കാരം നടൻ മനോജ് കെ. ജയന് സമർപ്പിക്കും. ക്ഷേത്രാഭിവൃദ്ധിക്കായി പ്രവർത്തിച്ച സി.വി. കേശവനെ ചടങ്ങിൽ ആദരിക്കും. മറ്റു ദിവസങ്ങളിൽ മൊഴിയാട്ടം നാടൻകലാവിരുന്ന്, ജുഗൽബന്ദി, കഥകളി, കർണാട്ടിക് വയലിൻ ഫ്യൂഷൻ എന്നിവയുണ്ടാകും. ഏഴാം പൂരദിനമായ ഒൻപതിന് എം. വെങ്കിടേഷ്‌കുമാർ ധാർവാഡ് അവതരിപ്പിക്കുന്ന ഹിന്ദുസ്ഥാനി കച്ചേരി നടക്കും.പത്താം പൂരദിനമായ 12-ന് തിരുവല്ല രാധാകൃഷ്ണന്റെ നേതൃത്വത്തിൽ പഞ്ചാരിമേളത്തോടെ എഴുന്നെള്ളിപ്പുണ്ട്. വൈകീട്ട് പള്ളിവേട്ടയ്ക്കുശേഷം വേട്ടയ്ക്കരൻ ക്ഷേത്രത്തിൽനിന്നുള്ള മടക്കത്തിന് മല്ലേപ്പള്ളി കുട്ടൻമാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യമുണ്ടാകും. സമാപനദിവസമായ 13-ന് വിവിധ ദേശവേലകളുടെ സംഗമവും വൈകീട്ട് അഞ്ചിന് മട്ടന്നൂർ ശ്രീരാജ്, ചിറക്കൽ നിധീഷ് എന്നിവരുടെ ഇരട്ടത്തായമ്പകയുമുണ്ടാകും.
ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ എം. വേണുഗോപാൽ, അസിസ്റ്റന്റ് മാനേജർ എ.എൻ. ശിവപ്രസാദ്, ജീവനക്കാരായ പി. ഗിരി, ആർ. ബിജു, വി.കെ. ദിലീപ്, കെ.ടി. അനിൽകുമാർ, പി.സി. ദീപേഷ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
