
Perinthalmanna Radio
Date: 16-04-2024
മലപ്പുറം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷൻ പരിസരങ്ങളിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ തുരുമ്പെടുത്ത് നശിക്കുന്നത് മലപ്പുറം ജില്ലയിൽ. വിവിധ കേസുകളിൽ പിടികൂടിയ 4,779 വാഹനങ്ങളാണ് വെയിലും മഴയുമേറ്റ് വർഷങ്ങളായി കിടക്കുന്നത്. റോഡരികിലടക്കം കൂട്ടിയിടുന്ന വാഹനങ്ങൾ യാത്രക്കാർക്കും ഭീഷണിയാണ്. പാലക്കാട് – 2,853, തൃശൂർ സിറ്റി പൊലീസ് പരിധി – 2,612, കോഴിക്കോട് സിറ്റി – 2,102 എന്നിങ്ങനെയാണ് തുരുമ്പെടുക്കുന്ന കസ്റ്റഡി വാഹനങ്ങളുടെ എണ്ണം.
മണൽ, മണ്ണ്, അനധികൃത ക്വാറി ഉത്പനങ്ങൾ കടത്തിയ വാഹനങ്ങളും വാഹനാപകടങ്ങളിൽ ഉൾപ്പെട്ടവയുമാണ് ജില്ലയിൽ തുരുമ്പെടുക്കുന്നവയിൽ നല്ലൊരു പങ്കും. ക്രിമിനൽ കേസുകളിൽ പിടികൂടിയവയും ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളും ഇക്കൂട്ടത്തിലുണ്ട്. ബൈക്ക്, കാർ, ലോറി എന്നിവയാണ് കൂടുതൽ. വണ്ടൂർ, മഞ്ചേരി, വളാഞ്ചേരി, വേങ്ങര, എടവണ്ണ സ്‌റ്റേഷൻ പരിധികളിലൊഴികെ മറ്റിടങ്ങളിലെല്ലാം തൊണ്ടിവാഹനങ്ങൾ കാര്യമായി കെട്ടിക്കിടക്കുന്നുണ്ട്. പെറ്റിക്കേസുകളിൽ പോലും പിടികൂടുന്ന വാഹനങ്ങൾ ഏറെക്കാലം പൊലീസ് കസ്റ്റഡിയിലെടുക്കുന്നെന്ന ആരോപണത്തെ തുടർന്ന് പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുകൊടുക്കുന്ന നടപടികൾ ലളിതമാക്കിയെങ്കിലും പ്രയോജനമുണ്ടായില്ല.
നടപടി ലളിതമാക്കിയിട്ടും
മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറുടെ പരിശോധന ആവശ്യമില്ലാത്ത കേസുകളിൽ പൊലീസ് വാഹനത്തിന്റെ രേഖകൾ പരിശോധിച്ച് മഹസർ തയ്യാറാക്കി വിട്ടുനൽകണം.
അപകടത്തിൽ പെടുന്ന വാഹനങ്ങൾ കോടതിയിൽ ഹാജരാക്കേണ്ടതില്ലെങ്കിൽ രേഖകൾ പരിശോധിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉടമയ്ക്ക് കെമാറണം.
വാഹനം പിടിച്ചെടുത്താൽ രണ്ടാഴ്ചക്കകം ഫോട്ടോയെടുത്ത് നടപടികൾ പൂർത്തിയാക്കി കോടതി മുമ്പാകെ എത്തിക്കണം. ലേലത്തിൽ വിൽക്കാൻ കോടതി നിർദ്ദേശിച്ചാൽ ആറ് മാസത്തിനകം നടപടി പൂർത്തിയാക്കണമെന്ന നിർദ്ദേശം പാലിക്കപ്പെടുന്നില്ല.
കസ്റ്റഡിയിലെടുത്ത് 10 വർഷം കഴിഞ്ഞാൽ ഇരുമ്പ് വില മാത്രമാണ് ലഭിക്കുക. 20 വർഷം പഴക്കമുള്ള വാഹനങ്ങൾ ഉടൻ ലേലം ചെയ്തു വിൽക്കണമെന്ന് സർക്കാരും നിർദ്ദേശിച്ചെങ്കിലും നടപ്പായില്ല. എണ്ണപ്പെട്ട സ്റ്റേഷനുകളിൽ മാത്രമാണ് ഇത്തരത്തിൽ വാഹനങ്ങൾ ലേലം ചെയ്തിട്ടുള്ളത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
