
Perinthalmanna Radio
Date: 16-06-2025
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ, അങ്ങാടിപ്പുറം ടൗണുകളെ ഗതാഗത കുരുക്ക് മഴ കനത്തതോടെ കൂടുതൽ രൂക്ഷമായി. നേരത്തേ തന്നെ ഗതാഗത കുരുക്കിന് കുപ്രസിദ്ധി നേടിയ ഇവിടെ മഴയിൽ വാഹനങ്ങൾ മെല്ലെപ്പോക്ക് കുടി ആയതോടെ കുരുക്ക് മുറുകി. ദേശീയ പാതയിൽ കുരുക്കഴിക്കാൻ ട്രാഫിക് പൊലീസ് കഴിയാവുന്ന പണികളെല്ലാം ചെയ്യുന്നുണ്ടെങ്കിലും കോയമ്പത്തൂർ- കോഴിക്കോട് പാതയിലെ വലിയ ചരക്കു വാഹനങ്ങൾ ഇതുവഴി കടന്നു പോവുന്നത് കുരുക്ക് വർധിപ്പിക്കുകയാണ്.
അവധി ദിവസങ്ങളിൽ കുരുക്ക് വർധിക്കുകയാണ്. ഇതിനിടയിൽ എത്തുന്ന ആംബുലൻസുകളും ഗതാഗത കുരുക്കിൽ പെടുന്നത് വലിയ പ്രയാസം സൃഷ്ടിക്കുന്നു. ട്രാഫിക് പൊലീസിൻ്റെ പ്രധാന ജോലി ഇവിടെ ആംബുലൻസുകൾക്ക് വഴി ഒരുക്കലാണ്. വലിയ ചരക്കു വാഹനങ്ങൾ മറ്റു വഴികളിലൂടെ കടത്തി വിടാൻ മാർഗമില്ല. അങ്ങാടിപ്പുറം ഓരാടംപാലം വരെ ദേശീയ പാതയിൽ വാഹന നിര പ്രത്യക്ഷപ്പെടുന്നത് പതിവ് കാഴ്ചയാണ്.
ജനങ്ങളുടെ ദുരിതം പലപ്പോഴായി സർക്കാറിന്റെ മുന്നിൽ എത്തിയിട്ടുണ്ടെങ്കിലും പരിഹാരത്തിന് നിർദേശിക്കപ്പെട്ട ബൈപ്പാസ് പദ്ധതിയോട് സർക്കാർ പുറം തിരിഞ്ഞു നിൽക്കുകയാണ്.
പ്രതിദിനം 16 തവണ വരെ അടച്ചിരുന്ന റെയിൽവേ ക്രോസിന് പകരം മേൽപ്പാലം നിർമിച്ചെങ്കിലും ഗതാഗത കുരുക്ക് കുറക്കാനായില്ല. റെയിൽവേ മേൽപ്പാലത്തിന് മുമ്പേ നിർദേശിക്കപ്പെട്ടതാണ് ബൈപ്പാസ് പദ്ധതി.
2010ൽ അന്നത്തെ സർക്കാർ പത്തു കോടി രൂപ അനുവദിച്ചെങ്കിലും ബൈപ്പാസ് പദ്ധതി ഏറ്റെടുക്കാനോ തുടർ നടപടികൾ നീക്കാനോ ഒമ്പത് വർഷം പൂർത്തിയായ ഇടത് സർക്കാർ ശ്രമം നടത്തിയില്ല. 2014ൽ നിർമിച്ച മേൽപ്പാലമാണ് ഇവിടത്തെ സർവ പ്രശ്നങ്ങൾക്കും കാരണമെന്ന് വരുത്തിയാണ് സർക്കാർ അനുകൂല സംഘടനകളുടെ പ്രചാരണം. വാദപ്രതിവാദത്തിന് അപ്പുറം ജനങ്ങളുടെ ദുരിതത്തിന് പരിഹാരം അകലെയാണ്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
