
Perinthalmanna Radio
Date: 16-06-2025
പെരിന്തല്‍മണ്ണ: മലപ്പുറം- പാലക്കാട് ജില്ലകളെ ബന്ധിപ്പിച്ച് തൂതപ്പുഴയില്‍ കാളികടവില്‍ പാലത്തിന് വഴി തെളിയുന്നു. ഏതാനും ദിവസം മുമ്ബാണ് വിശദമായ എസ്റ്റിമേറ്റ് സർക്കാർ അംഗീകാരത്തിന് നല്‍കിയത്. ഇത് അംഗീകരിച്ച് ഫണ്ട് അനുവദിക്കാനാണ് ഇനി കാത്തിരിപ്പ്. 17 കോടിയുടെ ഡി.പി.ആർ സഹിതമാണ് അന്തിമ പ്രൊജക്ട് റിപ്പോർട്ട് മരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറിയത്.
ആലിപ്പറമ്ബ് ഭാഗത്തെ അപ്രോച്ച് റോഡ് 175 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലും രൂപ രേഖ തയാറായിരുന്നു. 150 മീറ്റർ നീളമാണ് പാലത്തിന്. നടപ്പാത അടക്കം 12 മീറ്റർ വീതിയുണ്ടാവും. ആറു തൂണും അഞ്ചു സ്പാനുകളും ഉണ്ടാവും. തദ്ദേശ തെരെഞ്ഞെടുപ്പിന് മുമ്ബ് പദ്ധതിക്ക് ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ജനപ്രതിനിധികള്‍. പാലം സർക്കാർ ബജറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും മറ്റു നടപടികളിലേക്ക് കടന്നിരുന്നില്ല. രണ്ടു ജില്ലകളെ ബന്ധിപ്പിച്ച് വരുന്ന പാലത്തിന്റെ അപ്രോച്ച് റോഡിനായി ആലിപ്പറമ്ബ് പഞ്ചായത്തില്‍ കാളികടവ് ഭാഗത്ത് 41 സെന്റ് ഭൂമി വില നല്കി വാങ്ങിയതാണ്.
മറുകരയില്‍ ചെർപ്പുളശേരി നഗരസഭയില്‍ വരുന്ന ഭാഗത്ത് നിലവില്‍ തോണിക്കടവിലേക്ക് റോഡ് വന്നു നില്ക്കുന്നതിനാല് റോഡ് വീതികൂട്ടേണ്ട ആവശ്യമേയുള്ളൂ. അപ്രോച്ച് റോഡ് ഉള്‍പ്പെടെയുള്ള പ്രോജക്ട്, ഡിസൈനിങ് വർക്ക് എന്നിവയാണ് സർക്കാറി ന്റെ പരിഗണനയില്‍ ഉള്ളത്. പെരിന്തല്‍മണ്ണ താലൂക്കില്‍ മേലാറ്റൂർ, വെട്ടത്തൂർ, താഴേക്കോട്, അരക്കുപറമ്ബ് ഭാഗങ്ങളിലുള്ളവർക്ക് കുറഞ്ഞ ദൂരം കൊണ്ട് ചെർപുളശേരി വഴി ഒറ്റപ്പാലത്തേക്ക് എത്താം. ചെർപ്പുളശേരി ഭാഗത്തെ പുഴയോര പ്രദേശങ്ങളിലുള്ളവർക്കും പാലം ഏറെ ആശ്വാസമാകും.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
