
Perinthalmanna Radio
Date: 16-08-2024
ദേശീയ- സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ നേട്ടമുണ്ടാക്കി ആടുജീവിതം. മികച്ച നടനുള്ള പുരസ്കാരമടക്കം നിരവധി അവാർഡുകൾ ആടുജീവിതം നേടി. പൃഥ്വിരാജ് സുകുമാരൻ ആടുജീവിതത്തിലൂടെ മികച്ച നടനുള്ള പുരസ്കാരം നേടിയപ്പോൾ ഉർവശിയും ബീന ആർ.ചന്ദ്രനും മികച്ച നടിക്കുള്ള പുരസ്കാരം പങ്കിട്ടു. ആടു ജീവിതത്തിലൂടെ ബ്ലെസി മികച്ച സംവിധായകനായി. ജിയോ ബേബി സംവിധാനം ചെയ്ത കാതലാണ് മികച്ച ചിത്രം. മികച്ച അവലംബിത തിരക്കഥക്കുള്ള പുരസ്കാരവും ആട് ജീവിതത്തിനാണ് .
ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രമായും ആടുജീവിതം തെരഞ്ഞെടുക്കപ്പെട്ടു. മികച്ച രണ്ടാമത്തെ ചിത്രമായി ഇരട്ട തെരഞ്ഞെടുക്കപ്പെട്ടു. പൂക്കാലത്തിലെ അഭിനയത്തിന് സ്വഭാവനടനായി വിജയരാഘനെയും പൊമ്പളൈ ഒരുമൈയിലെ അഭിനയത്തിന് സ്വഭാവ നടിയായി ശ്രീഷ്മ ചന്ദ്രനേയും തെരഞ്ഞെടുത്തു.
മികച്ച ഗായിക-ആൻ ആമി (പാച്ചുവും അദ്ഭുത വിളക്കും) ഗായകൻ-വിദ്യാധരൻ മാസ്റ്റർ (ജനനം 1947 പ്രണയം തുടരുന്നു), പശ്ചാത്തല സംഗീതം -മാത്യൂസ് പുളിക്കൽ (കാതൽ) മികച്ച സംഗീത സംവിധായകൻ – ജസ്റ്റിൻ വർഗീസ് (ചാവേർ), ഗാനരചയിതാവ് -ഹരീഷ് മോഹനൻ (ചാവേർ), മികച്ച അവലംബിത തിരക്കഥ- ബ്ലെസി (ആടുജീവിതം). കഥാകൃത്ത് -ആദർശ് സുകുമാരൻ(കാതൽ ദി കോർ), ഛായാഗ്രാഹകൻ-സുനിൽ കെ.എസ്(ആടുജീവിതം), ബാലതാരം- അവ്യുക്ത് മേനോൻ(പാച്ചുവും അദ്ഭുതവിളക്കും, ബാലതാരം(പെൺ) – തെന്നൽ അഭിലാഷ്(ശേഷം മൈക്കിൽ ഫാത്തിമ) എന്നിവയാണ് മറ്റ് പ്രധാന പുരസ്കാരങ്ങൾ.
70-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി ആട്ടം തെരഞ്ഞെടുക്കപ്പെട്ടു. കാന്താര ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരവും നേടി. ഋഷഭ് ഷെട്ടി മികച്ച നടനായും നിത്യ മേനോനും മാനസി പരേഖും മികച്ച നടിമാരായും തെരഞ്ഞെടുക്കപ്പെട്ടു. സൂരജ് ആർ. ബർജാത്യ മികച്ച സംവിധായകനായി. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം തരുൺ മൂർത്തി സംവിധാനം ചെയ്ത സൗദി വെള്ളക്ക നേടി. മികച്ച ബാലതാരത്തിനുള്ള പുരസ്കാരം മാളികപ്പുറത്തിലെ അഭിനയത്തിന് ശ്രീപഥ് സ്വന്തമാക്കി.
മികച്ച സിനിമ ഗ്രന്ഥത്തിനുള്ള പുരസ്കാരം മലയാളിയായ കിഷോർ കുമാറിന് ലഭിച്ചു. മഴവിൽക്കണ്ണിലൂടെ മലയാള സിനിമ എന്ന് പുസ്തകത്തിനാണ് പുരസ്കാരം. മികച്ച ഗായികക്കുള്ള പുരസ്കാരം ബോംബെ ജയശ്രീക്കാണ് (സൗദി വെള്ളക്ക). ഗായകനുള്ള പുരസ്കാരം അർജിത് സിങ് നേടി.
മറ്റു പ്രധാന ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ:
തിരക്കഥ – ആനന്ദ് ഏകർഷി (ആട്ടം)
ഛായാഗ്രാഹകൻ – രവി വർമൻ (പൊന്നിയൻ സെൽവൻ-1)
എഡിറ്റിങ് – മഹേഷ് ഭുവാനന്ദൻ (ആട്ടം)
സംഗീത സംവിധായകൻ – പ്രിതം (ബ്രഹ്മാസ്ത്ര)
പശ്ചാത്തല സംഗീതം – എ.ആർ. റഹ്മാൻ (പൊന്നിയൻ സെൽവൻ-1)
ഹിന്ദി ചിത്രം – ഗുൽമോഹർ
തമിഴ് സിനിമ – പൊന്നിയൻ സെൽവൻ-1
കന്നഡ സിനിമ – കെ.ജി.എഫ്-2
തെലുങ്ക് സിനിമ – കാർത്തികേയ-2
പ്രത്യേക പരാമർശം – മനോജ് ബാജ്പേയി (ഗുൽമോഹർ)
സംവിധായിക (നോൺ ഫീച്ചർ) – മറിയം ചാണ്ടി മേനചേരി (ഫ്രം ദി ഷോഡോ)
ഡോക്യുമെന്‍ററി – മർമേഴ്സ് ഓഫ് ജംഗിൾ
ആനിമേഷൻ ചിത്രം – കോക്കനട്ട് ട്രീ (ജോസി ബനെഡിക്ട്)
സിനിമ നിരൂപണം – ദീപക് ദുഹ
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/LGNq30ypgbfIwG3hGCsoS1
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
