അങ്ങാടിപ്പുറം- വളാഞ്ചേരി റൂട്ടിൽ ബസ് യാത്രക്കാർക്ക് രാത്രി യാത്ര ദുരിതമായി

Share to

Perinthalmanna Radio
Date: 16-09-2024

പെരിന്തൽമണ്ണ: അങ്ങാടിപ്പുറം- വളാഞ്ചേരി റൂട്ടിൽ ബസ് യാത്രക്കാർക്ക് രാത്രി യാത്ര ദുരിതമായി. രാത്രി 7.10 നുള്ള സ്വകാര്യ ബസ് പൊയ്‌ക്കഴിഞ്ഞാൽ പിന്നീട് പെരിന്തൽമണ്ണയിൽ നിന്ന് വളാഞ്ചേരിയിലേക്ക് രാത്രി 8 നുള്ള ഒരു ബസ് മാത്രമാണ് ഉള്ളത്. ഈ ബസ് സ്ഥിരമായി കൊളത്തൂർ ബസ് സ്‌റ്റാൻഡിലേക്ക് പോകാതെ യാത്രക്കാരെ പാതിവഴിയിൽ സ്‌റ്റേഷൻ ജംക്‌ഷനിൽ ഇറക്കി വിട്ട് വളാഞ്ചേരിയിലേക്ക് തിരിഞ്ഞു പോവുകയാണ്.

പൊലീസ് സ്‌റ്റേഷന്റെ തൊട്ടു മുന്നിലാണ് യാത്രക്കാർക്ക് ഈ നീതിനിഷേധം. ബസ് ചാർജിനുള്ള സംഖ്യ മാത്രം കയ്യിൽ കരുതി യാത്ര ചെയ്യുന്നവരാണ് ഇതുമൂലം ഏറെ പ്രയാസപ്പെടുന്നത്. പലപ്പോഴും സ്‌ത്രീകളും പാതിവഴിയിൽ ഇറങ്ങേണ്ടി വരുന്നുണ്ട്. സ്‌റ്റേഷൻ ജംക്‌ഷനിൽ നിന്ന് രണ്ടു കിലോമീറ്ററിലേറെ ദൂരം നടക്കുകയേ മാർഗമുള്ളൂ. അതല്ലെങ്കിൽ ഓട്ടോറിക്ഷ വിളിക്കണം. രാത്രികാലത്ത് കൂടുതൽ ബസ് സൗകര്യം വേണമെന്ന ആവശ്യം ശക്തമായി നിലനിൽക്കെയാണ് ഉള്ള ബസുകളും യാത്രക്കാരെ വഴിയിലിറക്കുന്ന ദുരവസ്ഥ.

പെരിന്തൽമണ്ണ മുതൽ ബസിൽ യാത്രക്കാരെ കയറ്റുമ്പോൾ തന്നെ കൊളത്തൂരിൽ പോകില്ലെന്നാണ് സ്ഥിരം പല്ലവി. പ്രതിഷേധമുള്ള യാത്രക്കാർ വേറെ വഴി നോക്കേണ്ടി വരും. അതിനാൽ അവിടെ വരെയെങ്കിലും എത്താമെന്ന് കരുതി ആരും മറുത്തു പറയാറില്ല. പകൽ സമയത്ത് രൂക്ഷമായ ഗതാഗതക്കുരുക്കുണ്ടാകുമ്പോൾ പല ബസുകളും സമയ നഷ്‌ടം കാരണം കൊളത്തൂർ ബസ് സ്‌റ്റാൻഡിൽ പോകാതെ പൊലീസ് സ്‌റ്റേഷൻ ജംക്‌ഷനിൽ ആളുകളെ ഇറക്കി മടങ്ങി പോകാറുണ്ട്. പ്രയാസമേറെ ഉണ്ടെങ്കിലും വ്യക്തമായ കാരണമുള്ളതിനാൽ ഇതിൽ ആരും പ്രതികരിക്കാറില്ല. എന്നാൽ രാത്രികാലത്തെ അവസാന ബസ്, യാത്രക്കാരെ വഴിയിൽ ഇറക്കി വിടുന്നതാണ് പ്രതിഷേധത്തിന് ഇടയാക്കുന്നത്. കൊളത്തൂർ ബസ് സ്‌റ്റാൻഡിൽ കയറി പോകുന്നതുൾപ്പെടെ അടങ്ങിയതാണ് ഇവരുടെ ട്രിപ്പ്. നാളുകളേറെയായി നീതിനിഷേധം തുടരുമ്പോഴും മോട്ടർ വാഹന വകുപ്പോ പൊലീസോ സംഭവത്തിൽ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *