തെരുവുനായ്‌ക്കളുടെ കൂട്ടംചേർന്നുള്ള ആക്രമണത്തിൽ പള്ളി ജീവനക്കാരന് പരിക്ക്

Share to


Perinthalmanna Radio
Date: 16-09-2025

പെരിന്തൽമണ്ണ : തെരുവു നായ്‌ക്കളുടെ കൂട്ടം ചേർന്നുള്ള ആക്രമണത്തിൽ പള്ളി ജീവനക്കാരന് പരിക്ക്. മാനത്തുമംഗലം ബൈപ്പാസ് റോഡിലെ തറയിൽ ബസ്‌സ്റ്റാൻഡിനു സമീപത്തുള്ള മസ്ജിദുൽ മാജിദൈൻ ജുമാമസ്ജിദിലെ ശുചീകരണത്തൊഴിലാളിയായ വഴിപ്പാറ സ്വദേശി കുരംകുറ്റി സൂപ്പി(64)യ്ക്കാണ് പരിക്കേറ്റത്.

ജോലി കഴിഞ്ഞ് പതിവുപോലെ രാവിലെ മടങ്ങിപ്പോകുമ്പോൾ ഏഴോളം തെരുവുനായ്‌ക്കൾ പിറകിലൂടെ വന്ന് കൂട്ടമായി ആക്രമിക്കുകയായിരുന്നു. കാലിൽ തെരുവുനായ കടിച്ചുതൂങ്ങി പരിക്കേൽപ്പിച്ചു. നാട്ടുകാരും അതിഥിത്തൊഴിലാളികളും ചേർന്ന് ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയിലെത്തിച്ചു. പ്രഥമശുശ്രൂഷയ്ക്കും നാലു ഡോസ് കുത്തിവെപ്പിനും ശേഷം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.

രാപകൽ ഭേദമെന്യേ തറയിൽ ബസ്‌സ്റ്റാൻഡിലും പരിസരത്തും ഡസൻകണക്കിന് തെരുവുനായ്‌ക്കളാണ് വിഹരിക്കുന്നത്. പുലർച്ചെ നടക്കാൻ പോകുന്നവരെ മുതൽ ഇവ ആക്രമിക്കുന്നു. സമീപത്തുള്ള പള്ളിയിലും അമ്പലത്തിലും വരുന്നവരെയും മദ്രസയിലേക്കു പോകുന്ന കുട്ടികളെയുമാണ് ഇവ ആക്രമിക്കുന്നത്.

തെരുവുനായ്‌ക്കളിൽ പലതും ശരീരമാസകലം പഴുപ്പുമായി പരിസരങ്ങളിൽ പരക്കംപാഞ്ഞ് ഭയപ്പാടുണ്ടാക്കുന്ന സാഹചര്യവുമുണ്ട്. ബൈക്ക് യാത്രികരുടെ പുറകെ പാഞ്ഞ് അപകടങ്ങളുണ്ടാകുന്നതും ഇവിടെ നിത്യസംഭവമാണ്. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *