കുന്നോളം ഫയലുകള്‍ തീര്‍പ്പാക്കി; ശ്രീധന്യ സുരേഷ് പടിയിറങ്ങി

Share to

Perinthalmanna Radio
Date: 16-12-2023

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ശ്രീധന്യ സുരേഷ് ചുമതലയൊഴിയുന്നത് ഭൂമി തരംമാറ്റലടക്കം കെട്ടിക്കിടക്കുന്ന പതിനായിരത്തിന് മുകളില്‍ ഫയലുകള്‍ തീര്‍പ്പാക്കിയ ശേഷം. പെരിന്തല്‍മണ്ണ, ഏറനാട്, കൊണ്ടോട്ടി, നിലമ്ബൂര്‍ താലൂക്കുകളില്‍ 76 വില്ലേജുകള്‍ ഉള്‍പ്പെടുന്നതാണ് പെരിന്തല്‍മണ്ണ ഡിവിഷൻ.

നേരേത്ത ഓണ്‍ലൈനിലല്ലാതെ ഭൂമി തരംമാറ്റല്‍ നടപടികള്‍ ആര്‍.ഡി.ഒ ഓഫിസുകളില്‍ കെട്ടിക്കിടക്കുന്ന സ്ഥിതിയായിരുന്നു. ഒന്നര വര്‍ഷത്തോളം മുമ്പ് ഇത് ഓണ്‍ലൈനിലായി. പിന്നീട് 25 സെന്റ് വരെ നികത്താൻ ഫീസില്ലാതെ ഇളവും നല്‍കി. ഇതോടെ ആവശ്യക്കാരും അല്ലാത്തവരും ഭൂമി തരം മാറ്റാൻ അപേക്ഷകളുമായി എത്തി.

റവന്യൂ മന്ത്രി കെ. രാജൻ സംസ്ഥാനത്തെ മുഴുവൻ ഡിവിഷനുകളിലും ഭൂമി തരംമാറ്റല്‍ അടക്കം ഫയല്‍ തീര്‍പ്പാക്കാൻ അദാലത്ത് നിശ്ചയിച്ചു. ആ ഘട്ടത്തില്‍ പരമാവധി ഫയലുകള്‍ തീര്‍പ്പാക്കാനായതാണ് ശ്രീധന്യയുടെ മികവ്. അതിനിടെ, നിലമ്പൂര്‍ താലൂക്കില്‍ പട്ടിക വര്‍ഗക്കാരുടെ ഭൂമിക്ക് പട്ടയം നല്‍കുന്നതിലും പെരിന്തല്‍മണ്ണ താലൂക്കില്‍ പട്ടികജാതി കോളനികളിലെ ഭൂമിക്ക് പട്ടയം നല്‍കുന്നതിലും പ്രത്യേക ചുമതലകള്‍ ഏറ്റെടുത്ത് നടപ്പാക്കി.

കിര്‍ത്താഡ്സ് ഡയറക്ടറായി അധിക ചുമതല വഹിച്ചു കൊണ്ടായിരുന്നു പെരിന്തല്‍മണ്ണയിലെ സേവനം. ആദിവാസി വിഭാഗത്തില്‍ നിന്ന് സിവില്‍ സര്‍വിസ് പൂര്‍ത്തിയാക്കി സബ് കലക്ടറായി എത്തിയ ഉദ്യോഗസ്ഥയായി ശ്രദ്ധേയയായിരുന്നു വയനാട് സ്വദേശിനിയായ ശ്രീധന്യ. അസി. കലക്ടറുടെ ഏതാനും മാസത്തെ സേവനം കഴിഞ്ഞ് സ്വതന്ത്ര ചുമതലയില്‍ 2021 ജൂലൈ അഞ്ചിനാണ് പെരിന്തല്‍മണ്ണയില്‍ ചുമതലയേറ്റത്.

മുന്നിലെത്തിയ ഫയലുകള്‍ പരമാവധി വേഗത്തില്‍ തീര്‍പ്പാക്കിയായിരുന്നു സേവനമെന്ന് സഹപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു. പെരിന്തല്‍മണ്ണയിലെ തപാല്‍വോട്ട് വിവാദവും ഹൈകോടതി ഇടപെടലുകളും ഈ കാലയളവിലാണ് നടന്നത്.

വോട്ടെടുപ്പ് വേളയിലും വോട്ടെണ്ണല്‍ വേളയിലും മുൻ സബ് കലക്ടര്‍ കെ.എസ്. അഞ്ജുവായിരുന്നു വരണാധികാരിയെങ്കിലും വോട്ടുപെട്ടി നഷ്ടപ്പെട്ടപ്പോഴും സംഭവം സംബന്ധിച്ച അന്വേഷണവും കേസും നടന്നപ്പോഴും ശ്രീധന്യ സുരേഷായിരുന്നു വരണാധികാരി. വരണാധികാരിയടക്കമുള്ളവരെ ഹൈകോടതി കേസില്‍ കക്ഷിചേര്‍ത്തിട്ടുണ്ട്. സഹപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ബുധനാഴ്ച ഡിവിഷൻ ഓഫിസില്‍ ഊഷ്മളമായ യാത്രയയപ്പ് നല്‍കി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *