
Perinthalmanna Radio
Date: 16-12-2025
പെരിന്തൽമണ്ണ: ചൈനാമാന്‍ സ്പിന്നറായ പെരിന്തൽമണ്ണയുടെ സ്വന്തം ഐപിഎൽ താരം വിഘ്നേഷ് പുത്തൂരിനെ സ്വന്തമാക്കി രാജസ്ഥാന് റോയല്‍സ്. അടിസ്ഥാന വിലയായ 30 ലക്ഷം രൂപക്കാണ് വിഘ്നേഷിനെ രാജസ്ഥാന് സ്വന്തമാക്കിയത്. ലേലത്തില്‍ വിഘ്നേഷിന്റെ പേര് വന്നപ്പോള്‍ മുന്‍ ടീമായ മുംബൈ ഇന്ത്യൻസ് അടക്കം മറ്റ് ടീമുകളൊന്നും രംഗത്തു വരാതിരുന്നതോടെയാണ് അടിസ്ഥാന വിലക്ക് തന്നെ വിഘ്നേഷിനെ രാജസ്ഥാന് സ്വന്തമാക്കാനായത്. കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സ് താരമായിരുന്നു വിഘ്നേഷ് പുത്തൂര്‍ .
കഴിഞ്ഞ സീസണിലും 30 ലക്ഷം രൂപക്കാണ് വിഘ്നേഷ് മുംബൈയിലെത്തിയത്. അരങ്ങേറ്റ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ നായകന് റുതുരാജ് ഗെയ്ക്വാദിന്റെ വിക്കറ്റ് അടക്കം നാലോവറില്‍ 32 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി തിളങ്ങിയ വിഘ്നേഷിന് പക്ഷെ പരിക്ക് തിരിച്ചടിയായി. ഇത്തവണ ഐപിഎൽ മിനി താരലേതത്തിന് മുമ്പ് വിഘ്നേഷിനെ മുംബൈ കൈയൊഴിഞ്ഞെങ്കിലും താരത്തിന്റെ തുടര്‍ ചികിത്സകള്‍ക്കായി എല്ലാ സഹായവും ടീം വാഗ്ദാനം ചെയ്തിരുന്നു. പെരിന്തല്‍മണ്ണ സ്വദേശിയായ വിഘ്നേഷ് പുത്തൂർ പെരിന്തല്‍മണ്ണയിലെ ഓട്ടോഡ്രൈവറായ സുനില്‍ കുമാറിന്റെയും വീട്ടമ്മയായ കെ.പി ബിന്ദുവിന്റെയും മകനാണ്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
