
Perinthalmanna Radio
Date: 17-01-2024
പെരിന്തൽമണ്ണ: സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ ബസ് കാത്തു നിൽക്കുകയായിരുന്ന വിദ്യാർഥിക്കൂട്ടത്തിലേക്ക് തെരുവുനായയുടെ ആക്രമണം. പ്ലസ്വൺ വിദ്യാർഥിനിക്ക് കടിയേറ്റു. ഇന്നലെ വൈകിട്ട് മൂന്നരയോടെ തൂത ടൗണിൽ വാഴേങ്കട റോഡിലായിരുന്നു സംഭവം.തൂത ഡിയുഎച്ച്എസ്എസ് സ്കൂളിലെ പ്ലസ്വൺ വിദ്യാർഥിനിയായ ആലിപ്പറമ്പ് കോരങ്കോട് സ്വദേശിനിക്കാണ് കാലിൽ സാരമായി കടിയേറ്റത്. വാഴേങ്കട, ബിടാത്തി, ആലിപ്പറമ്പ് ഭാഗങ്ങളിലേക്ക് പോകാനായി വിദ്യാർഥിനികൾ കൂടി നിൽക്കുന്നതിനിടയിലേക്ക് തെരുവുനായ ആക്രമിക്കാനെത്തിയതോടെ കുട്ടികൾ ചിതറിയോടി.
സമീപത്തെ കടയിലേക്ക് പാഞ്ഞു കയറിയ വിദ്യാർഥിനിയെ കടയിൽ വച്ചാണ് നായ കടിച്ചത്. കടയുടമയും സമീപത്തുണ്ടായിരുന്നവരും ബഹളം വച്ചാണ് നായയെ ഓടിച്ചത്. പരുക്കേറ്റ കുട്ടിയെ ആദ്യം സമീപത്തെ സ്വകാര്യ ക്ലിനിക്കിലും പിന്നീട് പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലും അവിടെ നിന്ന് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആലിപ്പറമ്പ് പഞ്ചായത്തിലെ നൂറോളം തെരുവുനായ്ക്കൾക്ക് കഴിഞ്ഞ ദിവസങ്ങളിൽ പേവിഷബാധക്കെതിരെ കുത്തിവയ്പ് നടത്തിയതായി പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.അഫ്സൽ പറഞ്ഞു.വിദ്യാർഥികളെ ആക്രമിച്ച നായ വാക്സിനേഷൻ എടുത്തതിന്റെ അടയാളം പതിച്ചിട്ടില്ലാത്തതാണ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
