മോഡൽ പരീക്ഷകൾ ഇന്നുമുതൽ; പരീക്ഷണമായി ടൈംടേബിൾ

Share to

Perinthalmanna Radio
Date: 17-02-2025

മലപ്പുറം: എസ്എസ്എൽസി, ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ മോഡൽ പരീക്ഷകൾക്ക് ഇന്നു തുടക്കം. എല്ലാ പരീക്ഷകളും 21ന് അവസാനിക്കും. ഒരാഴ്ചയ്ക്കുള്ളിൽ ദിവസവും 2 പരീക്ഷകൾ വീതം നടത്തി വേഗത്തിൽ പൂർത്തിയാക്കും. ഈ രീതിയിൽ മാതൃകാ പരീക്ഷ നടത്തുന്നതിനെതിരെ അധ്യാപക സംഘടനകളിൽനിന്നു ശക്തമായ പ്രതിഷേധമുണ്ട്. എസ്എസ്എൽസിക്ക് 21 ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും രണ്ടുവീതം പരീക്ഷകളുണ്ട്. വിദ്യാർഥികളുടെ പഠനമികവ് അളക്കുന്നതിനു പര്യാപ്തമല്ല പരീക്ഷാരീതിയെന്നാണ് ആക്ഷേപം.

ഹയർസെക്കൻഡറി ഒന്നും രണ്ടും വർഷത്തിൽ വിവിധ വിഷയങ്ങളുടെ 46 കോംബിനേഷനുകളുണ്ട്. ഓരോ സ്കൂളിലും വിഷയങ്ങളുടെ കോംബിനേഷൻ വ്യത്യസ്തങ്ങളാണ്. ഇതു പരിഗണിക്കാതെയാണ് ടൈം ടേബിൾ തയാറാക്കിയിരിക്കുന്നത്. ഉദാഹരണത്തിന് അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ്, ഇക്കണോമിക്സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻസ് എന്നീ വിഷയങ്ങൾ പഠിക്കുന്ന ഒന്നാം വർഷ കൊമേഴ്സ് കുട്ടികൾക്ക് നാളെയും മറ്റന്നാളും രാവിലെയും ഉച്ചയ്ക്കുമായി നാലു വിഷയങ്ങളുടെയും മാതൃകാപരീക്ഷ അവസാനിക്കും. രണ്ടാം വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥികൾക്ക് ഇന്നു രാവിലെ ഫിസിക്സ്, ഉച്ചകഴിഞ്ഞ് കംപ്യൂട്ടർ സയൻസ്, നാളെ രാവിലെ ഗണിതശാസ്ത്രം എന്ന നിലയിലാണ് പരീക്ഷ.

രണ്ടാം വർഷ കൊമേഴ്സ് വിദ്യാർഥികളുടെ കാര്യവും വ്യത്യസ്തമല്ല. നാളെ ഉച്ചകഴിഞ്ഞ് ഇക്കണോമിക്സ്, മറ്റന്നാൾ രാവിലെ അക്കൗണ്ടൻസി, ഉച്ചകഴിഞ്ഞ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, വ്യാഴാഴ്ച രാവിലെ ഇംഗ്ലിഷ്, ഉച്ചകഴിഞ്ഞ് ഉപഭാഷ എന്നിങ്ങനെയാണ് പരീക്ഷ പലദിവസങ്ങളിലും ഒരു ബെഞ്ചിൽ നാലു കുട്ടികൾ വരെ ഇരുന്ന് പരീക്ഷ എഴുതേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഈ രീതിയിൽ പരീക്ഷ നടത്തുന്നത് കുട്ടികൾക്ക് ശരിയായ വിധത്തിൽ പരീക്ഷയെ അഭിമുഖീകരിക്കാനും അതിനാവശ്യമായ തയാറെടുപ്പുകൾ നടത്താനുമുള്ള അവസരം നിഷേധിക്കുകയാണെന്ന് അധ്യാപകർ പറയുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *