
Perinthalmanna Radio
Date: 17-02-2025
പെരിന്തല്‍മണ്ണ: ഗതാഗതക്കുരുക്കും വാഹനപ്പെരുപ്പവും നിലനില്‍ക്കുന്ന പെരിന്തല്‍മണ്ണയില്‍ നേരത്തെ അംഗീകരിച്ച ബൈപാസ് പദ്ധതിയില്‍ തൊടാതെ ട്രാഫിക് ജങ്ഷനില്‍ 57 കോടി രൂപയുടെ വിപുലീകരണത്തിന് പദ്ധതി. ട്രാഫിക് ജങ്ഷനില്‍ നാലു റോഡുകളും വീതി കൂട്ടി ഡിവൈഡറുകള്‍ സ്ഥാപിക്കും.
നിലവില്‍ ട്രാഫിക് സിഗ്നല്‍ തെളിഞ്ഞാല്‍ ഇടതുവശം ചേർന്ന് പോവാൻ കഴിയുന്ന വിധം നാലു റോഡുകളിലും വീതിയില്ല. ഈ സൗകര്യമാണ് ട്രാഫിക് സിഗ്നല്‍ ജങ്ഷനില്‍ വേണ്ടത്.
കോഴിക്കോട്- പാലക്കാട് ദേശീയ പാതയും നിലമ്പൂർ- പെരുമ്പിലാവ് സംസ്ഥാന പാതയും എന്നിവയാണ് പെരിന്തല്‍മണ്ണ ട്രാഫിക് ജംങ്ഷനിലുള്ളത്. ആംബുലൻസുകള്‍ മിക്കപ്പോഴും ട്രാഫിക് കുരുക്കില്‍ പെടുന്ന സ്ഥിതിയുണ്ട്. റോഡിനോട് ചേർന്ന സ്വകാര്യ കെട്ടിടങ്ങള്‍ പൊളിച്ച് ഭൂമി ഏറ്റെടുത്ത് റോഡ് വീതികൂട്ടാനാണ് കിഫ്ബി പദ്ധതിയില്‍ ആലോചന.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ തിരക്കുള്ള നഗരങ്ങളെയാണ് പദ്ധതിക്ക് തെരഞ്ഞെടുത്തത്. പെരിന്തല്‍മണ്ണ നഗരത്തില്‍ നാലു റോഡിലും ഒരേക്കറിലേറെ ഭൂമിയാണ് ഏറ്റെടുക്കേണ്ടി വരിക. 150 മുതല്‍ 200 മീറ്റർ വരെ നീളത്തിലാണ് ഭൂമി ഏറ്റെടുക്കേണ്ടി വരിക. ഇത് കെട്ടിടങ്ങളെയും വ്യാപാര സ്ഥാപനങ്ങളെയും ബാധിക്കും.
വ്യാപാരികള്‍ ഇതിനകം ആശങ്ക ഉയർത്തിക്കഴിഞ്ഞു. അങ്ങാടിപ്പുറം ഓരാടംപാലം മുതല്‍ മാനത്തുമംഗലം വരെ 1.4 കി.മീ പുതിയ റോഡ് നിർമിക്കാൻ പദ്ധതി സർക്കാർ 2010 ല്‍ ആവിഷ്കരിച്ചതാണ്. എന്നാല്‍ വേണ്ട ഫണ്ട് നീക്കിവെക്കാതെ 15 വർഷമാണ് നീട്ടിക്കൊണ്ടുപോയത്. സർക്കാറിന്റെ അവസാന ബജറ്റിലെങ്കിലും പദ്ധതി ഇടംപിടിക്കുമെന്ന പ്രതീക്ഷയും തെറ്റി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
