
Perinthalmanna Radio
Date: 17-03-2024
പെരിന്തൽമണ്ണ : ജില്ല ആശുപത്രിയിൽ അഞ്ചു വർഷം മുമ്പ് കിഫ്ബി പദ്ധതിയിൽ അനുവദിച്ച 12 കോടി രൂപയുടെ അത്യാഹിത വിഭാഗമടക്കം ഉൾപ്പെടുന്ന ഒ.പി ബ്ലോക്കിന് ഇപ്പോഴും തടസ്സം തീർന്നില്ല. രണ്ടാമത് മാറ്റങ്ങൾ നിർദേശിച്ച് പ്ലാൻ വീണ്ടും കിറ്റ്കോക്ക് നൽകി. ആ മാറ്റം വരുത്തിയ ശേഷം കിറ്റ്കോ ജില്ല ആശുപത്രി അധികൃതർക്ക് സമർപ്പിക്കും. കിഫ്ബിയുടെ കൺസൾട്ടൻസി ഏജൻസികളിൽ ഒന്നാണ് സർക്കാർ ഏജൻസിയായ കിറ്റ്കോ. ആശുപത്രിയുടെ പ്രധാന ബ്ലോക്കിന് പ്ലാൻ തയാറാക്കാൻ കഴിഞ്ഞ അഞ്ചു വർഷമായി കിറ്റ്കോ ശ്രമിക്കുന്നതായാണ് പറയുന്നത്. ഇതിന് ഇടയിൽ ജില്ല പഞ്ചായത്ത് അധികൃതർ ഒരു വർഷം മുമ്പ് ആരോഗ്യ ഡയറക്ടറെ തിരുവനന്തപുരത്ത് പോയി കണ്ട് വസ്തുതുതകൾ ബോധിപ്പിച്ചു. പിന്നീട് എല്ലാ ജില്ല ആശുപത്രികളും മന്ത്രി നേരിട്ട് സന്ദർശിക്കുന്ന കൂട്ടത്തിൽ പെരിന്തൽമണ്ണയിൽ എത്തിയപ്പോഴും സർക്കാർ നേരത്തെ അനുവദിച്ച് കടലാസിൽ കിടക്കുന്ന ഫണ്ട് ലഭ്യമാക്കാൻ എം.എൽ.എയും ജില്ല പഞ്ചായത്ത് അധികൃതരും ആവശ്യപ്പെട്ടു.
2019 അവസാനമാണ് ജില്ല ആശുപത്രിയിൽ പുതിയ ബ്ലോക്കിന് 12 കോടി രൂപ കിഫ്ബിയിൽ അനുവദിച്ചത്. സാങ്കേതികമായി കൺസൽട്ടിങ് ഏജൻസി അനുയോജ്യമായ പ്ലാൻ തയാറാക്കി സമർപ്പിച്ച് അനുമതി വാങ്ങലാണ് ആദ്യ കടമ്പ. ഇതിനാണ് കഴിഞ്ഞ അഞ്ചു വർഷമായി കാത്തിരിക്കുന്നത്. കിഫ്ബി സംബന്ധിച്ച് വലിയ തർക്കങ്ങൾ ഉടലെടുത്ത ശേഷം ഇത്തരം ഫണ്ട് ചെലവിടുന്നത് സംബന്ധിച്ച് നടപടികൾ ഇഴയുകയാണ്. അനുവദിച്ച ഫണ്ട് നഷ്ട പ്പെടില്ലെന്നാണ് ജില്ല ആശുപത്രി അധികൃതർ പറയുന്നത്. പ്ലാൻ കുറ്റമറ്റതാക്കി തിരിച്ചേൽപ്പിച്ചാൽ പദ്ധതി സാങ്കേതിക അനുമതിക്ക് നൽകണം. വീണ്ടും കിഫ്ബി അംഗീകാരം വാങ്ങണം. അതെല്ലാം കഴിഞ്ഞാണ് ടെൻഡറിന് അയക്കേണ്ടത്. അനുമതിയായി അഞ്ചു വർഷം കഴിഞ്ഞതിനാൽ ഇതിന് ധനവകുപ്പ് തടസ്സം ഉന്നയിച്ചാൽ നിശ്ചിത ഫണ്ട് ലഭിക്കാതെയും വരും. സർക്കാർ അനുവദിച്ച് കൈയിൽ കിട്ടാതെ ഇത്ര വലിയ തുക കിടക്കുന്നത് ജില്ല പഞ്ചായത്തും ആശുപത്രി വികസന സമിതിയും വിസ്മരിക്കുന്നതായും പരാതിയുണ്ട്. കിറ്റ്കോ പ്ലാൻ തയാറാക്കി നൽകാത്തതിനാലാണ് പദ്ധതി മുടങ്ങിയതെന്നത് മതിയായ കാരണമല്ല.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
