മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും

Share to


Perinthalmanna Radio
Date: 17-03-2026

മലപ്പുറം: മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കുന്നതോടെ ജില്ലയിലെ നിയമസഭാ തിരഞ്ഞെടുപ്പ് ചിത്രം ഏറെക്കുറെ വ്യക്തമാവും. ഇന്നലെ മലപ്പുറത്ത് ലീഗ് ജില്ലാ കമ്മിറ്റി ഓഫീസിൽ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും ജില്ലാ പ്രസിഡന്റ് അബ്ബാസലി ശിഹാബ് തങ്ങളും പ്രധാന സംസ്ഥാന, ജില്ലാ ഭാരവാഹികളിൽ നിന്ന് പ്രത്യേകം അഭിപ്രായം തേടിയിട്ടുണ്ട്. ചില ജില്ലാ കമ്മിറ്റികളുടെ അഭിപ്രായം കൂടി കേൾക്കാനുണ്ട് എന്നതിനാൽ കൂടിയാലോചന ഇന്ന് കൂടി തുടരും. തുടർന്ന് രാഷ്ട്രീയകാര്യ സമിതി യോഗം ചേർന്ന് വൈകിട്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചേക്കും.

ജില്ലയിൽ സർപ്രസ് മണ്ഡല മാറ്റങ്ങളും സ്ഥാനാർത്ഥികളും ഉണ്ടാവുമെന്ന സൂചനയാണ് ലീഗ്‌ നേതൃത്വം നൽകുന്നത്. പി.കെ.കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറും. പകരം വേങ്ങരയിൽ കെ.എം.ഷാജി മത്സരിക്കാനുള്ള സാദ്ധ്യത മുന്നിലുണ്ട്. പി.എം.എ. സലാം സംസ്ഥാന ജനറൽ സെക്രട്ടറി പദവിയിൽ തുടരും. കാസർക്കോട്, കൊടുവള്ളി സീറ്റുകളിൽ കെ.എം.ഷാജിയെ പരിഗണിച്ചിരുന്നെങ്കിലും പ്രാദേശിക എതിർപ്പടക്കം വിലങ്ങായി. സംസ്ഥാന സെക്രട്ടറിയായ ഷാജിക്ക് ഉറച്ച സീറ്റ് തന്നെ നൽകണമെന്ന ആലോചനയാണ്‌ വേങ്ങര പോലെ പ്രധാന മണ്ഡലത്തിൽ ഷാജിയുടെ പേരിലേക്ക് എത്തിയത്. ഇക്കാര്യത്തിൽ കുഞ്ഞാലിക്കുട്ടിയും അനുകൂല നിലപാട് എടുത്തതോടെ ലീഗ് മണ്ഡലം കമ്മിറ്റിയുടെ സ്ഥാനാർത്ഥി ലിസ്റ്റിൽ ഷാജിയെ കൂടി ഉൾപ്പെടുത്തിയിരുന്നു. സിറ്റിംഗ് എം.എൽ.എമാരിൽ മഞ്ചേരി യു.എ. ലത്തീഫ്, മലപ്പുറം പി.ഉബൈദുള്ള, തിരൂരങ്ങാടി കെ.പി.എ. മജീദ്, വള്ളിക്കുന്ന് അബ്ദുൽ ഹമീദ്, കാസർക്കോട് എൻ.എ. നെല്ലിക്കുന്ന് ഒഴിയും.

ജില്ലയിൽ കോൺഗ്രസ് മത്സരിക്കുന്ന നാല് സീറ്റുകളിൽ വണ്ടൂരിലും നിലമ്പൂരും സിറ്റിംഗ് എം.എൽ.എമാർ തുടരും. തവനൂരിലും പൊന്നാനിയിലും സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ധാരണയായിട്ടുണ്ട്. തവനൂരിൽ ഡി.സി.സി പ്രസിഡന്റ് വി.എസ്.ജോയിയും പൊന്നാനിയിൽ കെ.പി.നൗഷാദലയിലും മത്സരിച്ചേക്കും. അതേസമയം, തവനൂരിന്റെ കാര്യത്തിൽ സർപ്രൈസ് നീക്കങ്ങളും യു.ഡി.എഫിൽ നടക്കുന്നുണ്ട്. ലീഗിന്റെ കൈവശമുള്ള കോഴിക്കോട്ടെ തിരുവമ്പാടിക്ക് പകരം തവനൂരുമായി വച്ചുമാറ്റമെന്ന അവസാനവട്ട ഫോർമുല മുസ്ലിം ലീഗ് മുന്നോട്ടുവെച്ചിട്ടുണ്ട്. ഇതിനോട്‌ കോൺഗ്രസ് അനുകൂലമായി പ്രതികരിച്ചതായാണ് വിവരം. ഇങ്ങനെയെങ്കിൽ വി.എസ്.ജോയി തിരുവമ്പാടിയിൽ മത്സരിക്കും. തവനൂർ വിട്ടുനൽകുന്നതിനോട് അനുകൂല നിലപാടാണ് കോൺഗ്രസ് ജില്ലാ നേതൃത്വവും കൈകൊണ്ടിട്ടുള്ളത്. പട്ടാമ്പിയുടേതിന് സമാനമായ പ്രതിഷേധ സാദ്ധ്യത തവനൂരിൽ ഉണ്ടാവില്ലെന്ന വിലയിരുത്തലിലാണ് ലീഗ്. ഈ സാദ്ധ്യത അടഞ്ഞാൽ തവനൂരിൽ വി.എസ്. ജോയി തന്നെ മത്സരിച്ചേക്കും. തിരുവമ്പാടിക്ക് പകരം പട്ടാമ്പിയെന്ന ആവശ്യം കോൺഗ്രസ് പ്രാദേശിക ഘടകങ്ങളുടെ എതിർപ്പിൽ ലീഗ് ഉപേക്ഷിച്ചിട്ടുണ്ട്.

11 നിയോജക മണ്ഡലങ്ങളിൽ സി.പി.എം സ്ഥാനാർത്ഥികളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, വള്ളിക്കുന്ന്, കോട്ടക്കൽ, തിരൂർ, കൊണ്ടോട്ടി എന്നീ അഞ്ച് മണ്ഡലങ്ങൾ ഉടൻ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. മലപ്പുറം എൻ.സി.പി എസിനും വള്ളിക്കുന്ന് ഐ.എൻ.എല്ലിനും കോട്ടക്കൽ, തിരൂർ, കൊണ്ടോട്ടി എന്നിവിടങ്ങളിൽ സി.പി.ഐ സ്ഥാനാർത്ഥികളുമാണ് മത്സരിക്കുക. കഴിഞ്ഞ തവണ സി.പി.എമ്മാണ് മലപ്പുറത്ത് മത്സരിച്ചിരുന്നത്. എൻ.ഡി.എയും സ്ഥാനാർത്ഥി നിർണയത്തിന്റെ അവസാന ഘട്ടത്തിലാണ്
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *