ഊട്ടിയിലും കൊടൈക്കനാലിലും കർശന പ്ലാസ്റ്റിക് നിരോധനം: 28 തരം പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് നിരോധനം

Share to

Perinthalmanna Radio
Date: 17-04-2025

ചെന്നൈ: പെറ്റ് ബോട്ടിലുകളും കാരിബാഗുകളും പ്ലേറ്റുകളും ഉൾപ്പെടെ 28 ഇനം പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് പശ്ചിമഘട്ട മേഖലയിൽ സമ്പൂർണ നിരോധനം ഏർപ്പെടുത്തിക്കൊണ്ട് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. നീലഗിരി മുതൽ കന്യാകുമാരിയിലെ അഗസ്ത്യമലവരെ ഊട്ടിയും കൊടൈക്കനാലും ഉൾപ്പെടെ തമിഴ്നാട് അതിർത്തിയിൽപ്പെടുന്ന പ്രദേശത്താണ് നിരോധനം ബാധകമാവുക.

പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതിയും ആവാസവ്യവസ്ഥയും സംരക്ഷിക്കുന്നതിനുള്ള മാർഗമെന്നനിലയിലാണ് ഈ നടപടിയെന്ന് ജസ്റ്റിസ് എൻ. സതീഷ്കുമാറും ജസ്റ്റിസ് ഡി. ഭരതചക്രവർത്തിയുമടങ്ങുന്ന പ്രത്യേക ഡിവിഷൻ ബെഞ്ച് ഉത്തരവിൽ പറഞ്ഞു. നീലഗിരിയിൽ പ്ലാസ്റ്റിക് നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ തീർപ്പാക്കിക്കൊണ്ടാണ് ഹൈക്കോടതി വിധി.

വെള്ളവും ലഘുപാനീയങ്ങളും നിറയ്ക്കുന്ന പെറ്റ് ബോട്ടിൽ, ഭക്ഷണസാധനങ്ങൾ പൊതിയുന്നതിനുള്ള പ്ലാസ്റ്റിക് ഷീറ്റ്, പ്ലാസ്റ്റിക്കിന്റെയോ തെർമോകോളിന്റെയോ പ്ലേറ്റ്, പ്ലാസ്റ്റിക് ആവരണമുള്ള പേപ്പർപ്ലേറ്റും കപ്പും, സ്ട്രോ തുടങ്ങി 28 ഇനം ഉത്പന്നങ്ങൾ നിർമിക്കുന്നതും സൂക്ഷിച്ചുവെക്കുന്നതും വിൽക്കുന്നതും കൊണ്ടുപോകുന്നതുമാണ് നിരോധിച്ചത്.

2018-ലെയും 2024-ലെയും സർക്കാർ ഉത്തരവുകളും 2019-ലെ ഹൈക്കോടതി വിധിയും ക്രോഡീകരിച്ചും വിപുലീകരിച്ചുമാണ് ഹൈക്കോടതി പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ഭക്ഷണപദാർഥങ്ങൾ വിതരണംചെയ്യുന്നതിന് ഇലകൊണ്ടുനിർമിച്ച പ്ലേറ്റുകളോ മൺപാത്രങ്ങളോ ഉപയോഗിക്കാം. പ്ലാസ്റ്റിക് കൂടുകളിൽ വരുന്ന ബിസ്കറ്റുംമറ്റും കടലാസുകൂടിലേക്ക് മാറ്റിയേ വിൽക്കാൻ പാടുള്ളൂവെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *