
Perinthalmanna Radio
Date: 17-05-2024
മലപ്പുറം : ഡ്രൈവിങ് സ്കൂളുകളുടെ ബഹിഷ്കരണസമരം പിൻവലിച്ച ശേഷമുള്ള ആദ്യ ദിനത്തിൽ 98 പേർ ജില്ലയിൽ നടന്ന ഡ്രൈവിങ് ടെസ്റ്റിനെത്തി. 50 പേർ വിജയിക്കുകയും 48 പേർ പരാജയപ്പെടുകയും ചെയ്തു. മലപ്പുറം, തിരൂർ, പൊന്നാനി, നിലമ്പൂർ എന്നിവിടങ്ങളിലാണ് ടെസ്റ്റ് നടന്നത്.
കൊണ്ടോട്ടി, പെരിന്തൽമണ്ണ, തിരൂരങ്ങാടി എന്നിവിടങ്ങളിൽ ടെസ്റ്റ് നടന്നില്ല. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയ്ക്ക് നിയോഗിക്കപ്പെട്ടതിനാലാണ് ഇവിടങ്ങളിൽ ടെസ്റ്റ് നടക്കാതിരുന്നത്. ഫിറ്റ്നസ് ടെസ്റ്റ് നടത്തുന്ന എം.വി.ഐ. ഡ്രൈവിങ് ടെസ്റ്റ് നടത്തരുതെന്നാണ് സർക്കുലർ.
പെരിന്തൽമണ്ണയിൽ ഉണ്ടായിരുന്ന രണ്ടു എം.വി.ഐ. മാരിൽ ഒരാൾ ഹജ്ജ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടതിനാൽ ബുധനാഴ്ച റിലീവ്ചെയ്തു. ഇതോടെയാണ് വ്യാഴാഴ്ചത്തെ ടെസ്റ്റിന് ആളില്ലാതായത്. പകരം എം.വി.ഐ. വരുകയോ നിലവിലുള്ളയാൾക്ക് ഡ്രൈവിങ് ടെസ്റ്റിന്റെ ചുമതല നൽകുകയോ ചെയ്താൽ മാത്രമേ പെരിന്തൽമണ്ണയിൽ ഡ്രൈവിങ് ടെസ്റ്റ് നടക്കൂ.
സംസ്ഥാനത്ത് നിരവധിപേരാണ് ലേണേഴ്സ് പരീക്ഷ കഴിഞ്ഞ് റോഡ് ടെസ്റ്റിനായി അപേക്ഷ നൽകി കാത്തിരിക്കുന്നത്. ഇവരുടെ വിവരം രണ്ടുദിവസം കഴിഞ്ഞാൽ ആർ.ടി. ഓഫീസുകൾക്ക് ലഭിക്കും.
കൂടുതൽ ആളുകളുണ്ടെങ്കിൽ എൻഫോഴ്സ്മെന്റ് സ്ക്വാഡിൽനിന്ന് എം.വി.ഐ.മാരെ ടെസ്റ്റിന് ഉപയോഗിക്കാനാണ് തീരുമാനം. ലേണേഴ്സ് ടെസ്റ്റ് നടത്തുന്ന പരിവാഹൻ സാരഥി വെബ്സൈറ്റ് ശനിയാഴ്ചവരെ അറ്റകുറ്റപ്പണിയിലാണ്. അതിനുശേഷമേ ലേണേഴ്സ് ടെസ്റ്റിന് അപേക്ഷിക്കാൻ സാധിക്കൂ.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
