
Perinthalmanna Radio
Date: 17-06-2025
പെരിന്തൽമണ്ണ: കോഴിക്കോട് – പാലക്കാട് ദേശീയ പാതയിൽ അങ്ങാടിപ്പുറം മേൽപാലം പരിസരത്തെ റോഡ് തകർച്ചയും കുണ്ടും കുഴിയും മൂലം ഗതാഗതക്കുരുക്ക് കൂടുതൽ മുറുകി. സ്ഥിരം കുരുക്കിനു പുറമേ കഴിഞ്ഞ കുറേ ദിവസങ്ങളായി രൂക്ഷമായ ഗതാഗതക്കുരുക്കാണ്. ദേശീയ പാതയിലൂടെയുള്ള യാത്ര തന്നെ നരക യാത്രയായി മാറുകയാണ്. എന്നാൽ പരിഹാര നടപടികളുണ്ടാകുന്നില്ല. അങ്ങാടിപ്പുറം ടൗണിലെ ഓടകൾ പലതും അടഞ്ഞു കിടക്കുന്നതു മൂലം കനത്ത മഴയിൽ വെള്ളം ഒഴുകിയെത്തി വെള്ളക്കെട്ട് രൂപപ്പെട്ടതു മൂലമാണ് മേൽപാലം പരിസരത്തെ റോഡ് തകരുന്നത്. ദേശീയ പാതയോരത്തെ ഓടകൾ നവീകരിക്കാനോ റോഡിന്റെ തകർച്ച ശാശ്വതമായി പരിഹരിക്കാനോ അധികൃതർ നടപടിയെടുക്കുന്നില്ല. ഏറെ കാലമായി ഇവിടെ റോഡ് തകർന്നു തന്നെയാണെങ്കിലും താൽക്കാലിക ഓട്ടയടയ്‌ക്കലല്ലാതെ സ്ഥിരം നവീകരണത്തിന് പദ്ധതിയേയില്ല.
ഇന്നലെ ട്രാഫിക് പൊലീസിന്റെ നേതൃത്വത്തിൽ കുഴികൾ ക്വാറി വേസ്‌റ്റിട്ട് നികത്തി. ഇത് അടുത്ത ദിവസം തന്നെ പഴയപടിയാകും. കുരുക്ക് മുറുകുമ്പോൾ ഈ പാതയിലെ വാഹന യാത്രക്കാരേക്കാളേറെ ഏറെ ദുരിതത്തിലാകുന്നത് വളാഞ്ചേരി, കോട്ടക്കൽ ഭാഗത്തു നിന്നെത്തുന്ന വാഹന യാത്രക്കാരാണ്. ഈ വാഹനങ്ങളെ ജംക്ഷനിലേക്ക് പ്രവേശിപ്പിക്കാതെ വളാഞ്ചേരി റോഡിൽ ഏറെ നേരം പിടിച്ചിടുന്നതാണ് രീതി. അങ്ങാടിപ്പുറത്ത് ട്രാഫിക് സിഗ്നൽ ലൈറ്റ് സ്ഥാപിക്കുകയും വളാഞ്ചേരി, കോട്ടക്കൽ റോഡിൽ നിന്നും പരിയാപുരം റോഡിൽ നിന്നും തിരുമാന്ധാംകുന്ന് റോഡിൽ നിന്നുമെത്തുന്ന വാഹനങ്ങൾക്ക് പ്രത്യേക യൂ–ടേൺ ക്രമീകരണം ഏർപ്പെടുത്തുകയും അങ്ങാടിപ്പുറത്തെ വിവിധ റിങ് റോഡുകൾ യാത്രാ യോഗ്യമാക്കുകയും മേൽപാലം പരിസരത്തെ റോഡിന്റെ തകർച്ച പരിഹരിക്കുകയും ഗതാഗത നിയന്ത്രണം കാര്യക്ഷമമാക്കാൻ ആവശ്യമായ പൊലീസുകാരെയോ ട്രാഫിക് വാർഡന്മാരെയോ നിയോഗിക്കുകയും ചെയ്‌താൽ ഗതാഗതക്കുരുക്കിന് കാര്യമായ ശമനമുണ്ടാകും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/HmjAvybRN1r4v9ivlkw83g
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
