
Perinthalmanna Radio
Date: 17-08-2024
ഓട്ടോറിക്ഷയുടെ പെർമിറ്റ് കൂടുതൽ വിശാലമാക്കി സംസ്ഥാന സർക്കാർ. ഓട്ടോറിക്ഷകൾക്ക് ഇനി സംസ്ഥാനത്ത് ഉടനീളം സർവീസ് നടത്താൻ സാധിക്കും. മുമ്പ് ജില്ലയിലെ മാത്രം ഓട്ടത്തിന് അനുവദിക്കുന്നതായിരുന്നു ഓട്ടോറിക്ഷകളുടെ പെർമിറ്റ്. ട്രാൻസ്പോർട്ട് അതോറിറ്റിയുടെ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ഓട്ടോറിക്ഷ യൂണിയൻ സി.ഐ.ടി.യു. കണ്ണൂർ മാടായി ഏരിയ കമ്മിറ്റി നൽകിയ അപേക്ഷ പരിഗണിച്ചാണ് പെർമിറ്റിലെ ഈ മാറ്റം അനുവദിച്ചിരിക്കുന്നത്.
പെർമിറ്റിൽ മുമ്പുണ്ടായിരുന്ന നിർദേശം അനുസരിച്ച് ജില്ലയ്ക്ക് പുറത്ത് 20 കിലോമീറ്റർ മാത്രം ഓടുന്നുള്ള അനുമതിയാണ് ഓട്ടോറിക്ഷകൾക്ക് നൽകിയിരുന്നത്. ഓട്ടോറിക്ഷ ദീർഘദൂര യാത്ര ചെയ്യുന്നതിലെ അപകട സാധ്യത കണക്കിലെടുത്താണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നതെന്നാണ് വിലയിരുത്തലുകൾ. എന്നാൽ, അപകട നിരക്ക് ഉയരുമെന്ന് വിവിധ കോണുകളിൽ നിന്നുള്ള മുന്നറിയിപ്പ് മറികടന്നാണ് ഇപ്പോൾ സംസ്ഥാന പെർമിറ്റ് നൽകിയിരിക്കുന്നതും.
ഓട്ടോറിക്ഷ ഇൻ ദ സ്റ്റേറ്റ് എന്ന രീതിയിലാണ് പെർമിറ്റ് സംവിധാനത്തിൽ മാറ്റം വരുന്നത്. പെർമിറ്റിൽ പുതിയ ഇളവുകൾ ലഭിക്കുന്നതിനായി ഓട്ടോറിക്ഷകൾ സ്റ്റേറ്റ് പെർമിറ്റ് ആയി രജിസ്റ്റർ ചെയ്യണം. സ്റ്റേറ്റ് പെർമിറ്റിൽ യാത്രക്കാരുടെ സുരക്ഷ ഡ്രൈവർ ഉറപ്പുവരുത്തണമെന്ന നിർദേശവും നൽകിയിട്ടുണ്ട്. ഓട്ടോറിക്ഷകൾക്ക് സംസ്ഥാന പെർമിറ്റ് അനുവദിക്കണമെന്ന് സി.ഐ.ടി.യുവിന്റെ നിരന്തര ആവശ്യമായിരുന്നു. എന്നാൽ, സുരക്ഷ പ്രശ്നത്തിലെ ആശങ്കയാണ് ഇത് നീണ്ടുപോകാൻ കാരണം.
റോഡുകളിൽ ഓട്ടോറിക്ഷയ്ക്ക് അനുവദിച്ചിട്ടുള്ള പരമാവധി വേഗത മണിക്കൂറിൽ 50 കിലോമീറ്ററാണ്.
അതിവേഗ പാതകളിലും മറ്റും മറ്റ് വാഹനങ്ങൾ വേഗത്തിൽ പോകുമ്പോഴുള്ള അപകട സാധ്യത കണക്കിലെടുത്താണ് സംസ്ഥാന പെർമിറ്റ് അനുവദിക്കാതിരുന്നത്. ഇത്തവണ നടന്ന അതോറിറ്റി യോഗത്തിലും ഇക്കാര്യം ചർച്ച ചെയ്തിരുന്നു. എന്നാൽ, ഇവയെല്ലാം മറികടന്നാണ് സംസ്ഥാനത്തുടനീളം ഓടുന്നതിന് ഓട്ടോറിക്ഷകൾക്ക് അനുമതി നൽകിയിരിക്കുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/LGNq30ypgbfIwG3hGCsoS1
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
