
Perinthalmanna Radio
Date: 17-09-2025
പെരിന്തൽമണ്ണ: മണ്ണാർമല മാട് റോഡിൽ സ്ഥിരമായി പുലിയെ കാണുന്ന പ്രദേശത്ത് തുടർച്ചയായ മൂന്നാം ദിവസവും പുലിയിറങ്ങി.
ഇന്നലെ രാത്രി ഒമ്പത് മണിയോടെ, മണ്ണാർമല മാട് റോഡിൽ തുടർച്ചയായ മൂന്നാം ദിവസവും പുലിയെത്തിയത്. പെരിന്തൽമണ്ണ ടൗണിനടുത്ത് ചേർന്നുള്ള ഭാഗത്ത് നാട്ടുകാർ സ്ഥാപിച്ച നിരീക്ഷണ ക്യാമറയിലാണ് പുലിയുടെ ദൃശ്യങ്ങൾ പതിവായി കാണുന്നത്.
കാര്യാവട്ടത്തു നിന്ന് പെരിന്തൽമണ്ണയിലേക്കുള്ള എളുപ്പ വഴിയായതിനാൽ രാപകൽ വ്യത്യാസമില്ലാതെ ഒട്ടേറെ വാഹനങ്ങളാണ് ഇതു വഴി കടന്നു പോകുന്നത്. റോഡ് മുറിച്ചു കടന്നുപോകുന്ന പുലിയെ ബൈക്ക് യാത്രികർ പലപ്പോഴും നേരിട്ട് കണ്ടിട്ടുണ്ട്.
മണ്ണാർമല മാട് റോഡിൽ സ്ഥിരമായി കാണുന്ന പുലിയെ മയക്കുവെടി വച്ച് പിടികൂടണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ഇന്നലെ മാട് റോഡ് ഉപരോധിച്ചു. കെണി വച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും പുലി കുടുങ്ങാത്തതിനാൽ മയക്കു വെടിവച്ച് പിടികൂടുക എന്ന പോം വഴി മാത്രമേ ഉള്ളൂവെന്നും ജനപ്രതിനിധികൾ പറഞ്ഞു. ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പെരിന്തൽമണ്ണ സബ് കലക്ടർ ഉറപ്പു നൽകിയതിനെ തുടർന്നാണ് ഉപരോധം നിർത്തിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി. എം. മുസ്തഫ അറിയിച്ചു.
………………………………………..
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
