
Perinthalmanna Radio
Date: 17-11-2023
നിലമ്പൂർ : ഈ വർഷം ഇനിയും മഴ കനിഞ്ഞില്ലെങ്കിൽ ആഢ്യൻപാറ ചെറുകിട ജലവൈദ്യുത പദ്ധതിയിൽനിന്നുള്ള വൈദ്യുതി ഉത്പാദനം മുടങ്ങും. ജില്ലയിലെ ഏക ചെറുകിട ജലവൈദ്യുത പദ്ധതിയായ ആഢ്യൻപാറയിൽ മൂന്നര മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ശേഷിയാണുള്ളത്.
ഒന്നര മെഗാവാട്ടിന്റെ രണ്ടു ജനറേറ്ററുകളും അര മെഗാവാട്ടിന്റെ ഒരു ജനറേറ്ററുമാണ് സാധാരണ പ്രവർത്തിക്കാറുള്ളത്. എന്നാൽ ഒരുമാസത്തിനടുത്തായി അര മെഗാവാട്ടിന്റെ ജനറേറ്റർ മാത്രമാണ് ഉപയോഗിക്കുന്നത്.
നിലവിലെ ജലനിരപ്പു വെച്ചുനോക്കിയാൽ നാലോ അഞ്ചോ ദിവസം മാത്രമേ അര മെഗാവാട്ടുപോലും 24 മണിക്കൂർ ഉത്പാദിപ്പിക്കാൻ തികയൂ. കൂടുതൽ മഴ ലഭിച്ചില്ലെങ്കിൽ 2024-ലെ കാലവർഷം തുടങ്ങുമ്പോഴേ ഇനി മുഴുവനായി വൈദ്യുതി ഉത്പാദനം സാധ്യമാകൂ. അടുത്ത ഡിസംബർവരെ അര മെഗാവാട്ട് വൈദ്യുതി ഉത്പാദനവുമായി മുന്നോട്ടുപോകേണ്ടിവരും. എന്നാൽ അതും 24 മണിക്കൂറും പ്രവർത്തിപ്പിക്കാൻ കഴിയില്ല.
നവംബർ മാസം തുടക്കത്തിൽ അത്യാവശ്യം മഴ ലഭിച്ചപ്പോഴാണ് ജൂൺ, ജൂലായ് മാസങ്ങൾക്കുശേഷം ഉത്പാദനം മെച്ചപ്പെടുത്തിയിരുന്നത്. ഓഗസ്റ്റിൽ മഴ ഒട്ടും ലഭിച്ചിരുന്നില്ല. സെപ്റ്റംബറിലും ഒക്ടോബറിലും മഴലഭ്യത കുറവായിരുന്നു. 90,10,000 യൂണിറ്റ് വാർഷിക ഉത്പാദന ശേഷിയുള്ളിടത്ത് 2021-ൽ 119,50,860 യൂണിറ്റ് ൈവദ്യുതിയാണ് ആഢ്യൻപാറയിൽ ഉത്പാദിപ്പിച്ചത്.
എന്നാൽ മഴയുടെ മൊത്തത്തിലുള്ള കുറവുകാരണം ഈ വർഷം ഇതുവരെ ആഢ്യൻപാറയിൽ ഉത്പാദിപ്പിച്ചത് 69 ലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. ഉത്പാദനശേഷിയിലെത്താൻതന്നെ ഏകദേശം 20 ലക്ഷം യൂണിറ്റ് വൈദ്യുതികൂടിവേണം. അതേസമയം ഇതേ അവസ്ഥ തുടർന്നാൽ അഞ്ചുലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമേ ലഭിക്കൂ.
എന്നാൽ ആവശ്യത്തിനു മഴ ലഭിച്ചാൽ ഇത്രയും അളവിൽ ഉത്പാദനമെത്തിക്കാൻ കഴിയുമെന്ന് പവർ ഹൗസിന്റെ ചുമതലയുള്ള അസിസ്റ്റന്റ് എൻജിനീയർ ഗണദീപ് പറഞ്ഞു. നിലവിൽ യന്ത്രസാമഗ്രികളെല്ലാം പ്രവർത്തനക്ഷമമാണ്.
വനത്തിലൂടെ ഒഴുകിവരുന്ന കാഞ്ഞിരപ്പുഴയിൽനിന്നാണ് ആവശ്യത്തിനു വെള്ളമെത്തുന്നത് എന്നതിനാൽ മലവെള്ളപ്പാച്ചിലുണ്ടാകുമ്പോൾ മരച്ചില്ലകളും ചപ്പുചവറുകളും ഒഴുകി വരുന്നതുകൊണ്ടുള്ള തടസ്സങ്ങളുണ്ടാകാറുണ്ട്. അത്തരം ഘട്ടങ്ങളിൽ പെട്ടെന്നുതന്നെ മാലിന്യങ്ങൾ നീക്കംചെയ്യാനുള്ള പ്രവർത്തനങ്ങൾ നടത്തുന്നതായും ഗണദീപ് പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
