
Perinthalmanna Radio
Date: 17-12-2024
പെരിന്തൽമണ്ണ : സെവൻസ് ഫുട്ബോളിലെ പ്രതിഭകളായിരുന്ന കാദറിന്റെയും മുഹമ്മദലിയുടെയും പേരിൽ പെരിന്തൽമണ്ണ നെഹ്റു ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന 52-ാമത് കാദറലി സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് വെള്ളിയാഴ്ച തുടക്കമാവും. പെരിന്തൽമണ്ണ കാദർ ആൻഡ് മുഹമ്മദലി സ്പോർട്സ് ക്ലബ്ബ് നടത്തുന്ന ടൂർണമെന്റിൽ 24 ടീമുകളാണ് ഇക്കുറി മാറ്റുരയ്ക്കുന്നത്.
10,000 പേർക്ക് ഇരുന്ന് മത്സരം കാണുന്നതിനുള്ള സ്റ്റീൽ ഗാലറിയാണ് സജ്ജീകരിക്കുന്നത്. ടൂർണമെന്റിലെ വരുമാനം മുഴുവനായും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് ചെലവഴിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. സ്ത്രീകൾക്കും 10 വയസ്സിന് താഴെയുള്ളവർക്കും ഭിന്നശേഷിക്കാർക്കും പ്രവേശനം സൗജന്യമാക്കിയതാണ് ഇത്തവണത്തെ പ്രത്യേകത.
ഈ വർഷം അഞ്ച് വിദേശ താരങ്ങളെ ഒരു ടീമിൽ രജിസ്റ്റർ ചെയ്യാവുന്നതും ഇതിൽ മൂന്നുപേരെ ഒരേസമയം കളിക്കളത്തിലിറക്കാവുന്നതുമാണ്. ഉദ്ഘാടനമത്സരത്തിൽ കഴിഞ്ഞവർഷത്തെ വിജയികളായ സ്കൈ ബ്ലൂ എടപ്പാളും കെ.ഡി.എസ്. കിഴിശ്ശേരിയും മത്സരിക്കും. ഓരോ മത്സരത്തിനൊപ്പവും 50 വയസ്സ് കഴിഞ്ഞവർക്കുള്ള വെറ്ററൻസ് ഫുട്ബോൾ ടൂർണമെൻറും അണ്ടർ-20 മത്സരവും നടക്കും. രാത്രി 7.30-ന് മത്സരങ്ങൾ ആരംഭിക്കും.
ഒരു മാസം നീണ്ടു നിൽക്കുന്ന ടൂർണമെന്റിന്റെ ഉദ്ഘാടനം മഞ്ഞളാംകുഴി അലി എം.എൽ.എ. നിർവഹിക്കും. നഗരസഭ ചെയർമാൻ പി. ഷാജി അധ്യക്ഷനാവും.
വിളംബര ഘോഷയാത്ര 20-ന് വൈകുന്നേരം നാലു മണിക്ക് കോഴിക്കോട് റോഡിൽ പ്രസന്റേഷൻ സ്കൂളിനു സമീപത്തുനിന്നാരംഭിച്ച് നഗരംചുറ്റി ഊട്ടി റോഡിലൂടെ നെഹ്റു സ്റ്റേഡിയത്തിൽ സമാപിക്കും. ക്ലബ് പ്രസിഡന്റ് സി. മുഹമ്മദാലി, ജനറൽസെക്രട്ടറി പച്ചീരി ഫാറൂഖ്, ട്രഷറർ മണ്ണിൽ ഹസ്സൻ, എച്ച്. മുഹമ്മദ് ഖാൻ, മണ്ണേങ്ങൽ അസീസ്, യൂസഫ് രാമപുരം, എം.കെ. കുഞ്ഞയമ്മു , ഇ.കെ. സലീം, ഡോ. നിലാർ മുഹമ്മദ് എന്നിവർ കാര്യങ്ങൾ വിശദീകരിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
