
Perinthalmanna Radio
Date: 17-12-2025
മലപ്പുറം : പൊതു തെരഞ്ഞെടുപ്പിന് ശേഷം ഡിസംബർ 21ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അധ്യക്ഷൻ, ഉപാധ്യക്ഷൻ തെരഞ്ഞെടുപ്പ് തീയതിയും സമയവും സംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി. മുനിസിപ്പൽ കൗൺസിലുകളിലെയും കോർപറേഷനുകളിലെയും ചെയർപേഴ്സൻ, മേയർ തെരഞ്ഞെടുപ്പ് ഡിസംബർ 26ന് രാവിലെ 10.30നും ഡെപ്പൂട്ടി ചെയർപേഴ്സൻ, ഡെപ്പൂട്ടി മേയർ തെരഞ്ഞെടുപ്പ് അന്ന് ഉച്ചക്ക് 2.30നും നടത്തും.
ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് 27ന് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഉച്ചക്കുശേഷം 2.30നും നടക്കും. ജില്ല പഞ്ചായത്ത്, കോർപറേഷൻ എന്നിവയിൽ ജില്ല കലക്ടറാണ് വരണാധികാരി. ഗ്രാമപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും അതത് സ്ഥാപനങ്ങളിലെ വരണാധികാരികൾക്കാണ് ചുമതല. നഗരസഭകളിൽ വരണാധികാരികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ചേരുന്ന അംഗങ്ങളുടെ യോഗത്തിൽ സ്ഥാനാർഥിയെ ഒരാൾ നാമനിർദേശം ചെയ്യേണ്ടതും മറ്റൊരാൾ പിന്താങ്ങേണ്ടതുമാണ്. നാമനിർദേശം ചെയ്യപ്പെട്ടയാൾ യോഗത്തിൽ ഹാജരായിട്ടില്ലെങ്കിൽ സമ്മതപത്രം ഹാജരാക്കണം. സംവരണം ചെയ്ത സ്ഥാനങ്ങളിൽ മത്സരിക്കുന്ന ഒരംഗത്തിനെ നാമനിർദേശം ചെയ്യുകയോ പിന്താങ്ങുകയോ വേണ്ട. ഒന്നിലധികം സ്ഥാനാർഥികളുണ്ടെങ്കിൽ വോട്ടെടുപ്പ് ഓപ്പൺ ബാലറ്റ് മുഖേന ആയിരിക്കും.
വോട്ട് രേഖപ്പെടുത്തുമ്പോൾ ബാലറ്റിന്റെ പുറകിൽ പേരും ഒപ്പും രേഖപ്പെടുത്തണം. ഏതെങ്കിലും സ്ഥാനത്തേക്ക് ഒരാളേ മത്സരിക്കുന്നുള്ളൂവെങ്കിൽ വോട്ടെടുപ്പില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കും. വോട്ടെടുപ്പ് പൂർത്തിയായശേഷം വരണാധികാരി അംഗങ്ങളുടെ, കൗൺസിലർമാരുടെ സാന്നിധ്യത്തിൽ വോട്ടുകൾ എണ്ണി ഫലപ്രഖ്യാപനം നടത്തും.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
